- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് കുഴികളിലും പൊന്തക്കാടുകളിലും സൂക്ഷിച്ച് ചില്ലറ വിൽപ്പന; പൊലീസിനെ കബളിപ്പിക്കാൻ മൊബൈൽ ഫോണുമായി ട്രയിനുകൾ മാറി കയറും; ഒടുവിൽ പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട്ട് 2 പേർ പിടിയിൽ
കോഴിക്കോട്:നീണ്ട നാളുകളായി പൊലീസിനെ കബളിപ്പിച്ച് കഞ്ചാവ് കടത്തും ചില്ലറ വിൽപ്പനയും നടത്തിവന്ന രണ്ട് പേർ പിടിയിലായി. പത്തുലക്ഷം രൂപയുടെ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേർ പിടിയിൽ.ചക്കുംകടവ് സ്വദേശി ചെന്നലേരിപറമ്പ് വീട്ടിൽ സലീം എന്ന വെംബ്ലി സലീം (42), മീഞ്ചന്ത ചെമ്മലശ്ശേരിവയൽ നൗഫൽ (44) എന്നിവരെയാണ് കണ്ണംപറമ്പുവെച്ച് പിടികൂടിയത്.പന്ത്രണ്ട് കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൻസാഫ് സ്‌ക്വാഡ് വളരെ കാലമായി പ്രതികളെ നിരീക്ഷിച്ചുവരുകയായിരുന്നു.ഇതിനിടെയാണ് ഇവർ ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് കോഴിക്കോട്ടേക്ക് എത്തിക്കുന്നതായി വിവരം ലഭിച്ചത്.എന്നാൽ പൊലീസിനെ കബളിപ്പിക്കാൻ ഫോണുമായി ട്രെയിനുകൾ മാറിക്കയറിയും ഫോൺ ഓഫ് ചെയ്തും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചെങ്കിലും കണ്ണംപറമ്പുവെച്ച് പൊലീസ് പിടിയിലാവുകയായിരുന്നു.പിടികൂടാനുള്ള ശ്രമത്തിനിടെ നൗഫൽ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
പ്രതിയായ സലീം കണ്ണമ്പള്ളി മുഖദ്ദാർ, ചക്കുംകടവ്, കോതി തുടങ്ങിയ തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറയായി കഞ്ചാവ് വില്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് പൂഴിയിൽ കുഴിച്ചിട്ടോ പൊന്തക്കാടുകളിൽ ഒളിപ്പിച്ചോ ആയിരുന്നു സൂക്ഷിച്ചിരുന്നത്. പൊലീസിനെ കാണുമ്പോൾ പുഴയിൽ ചാടി രക്ഷപ്പെടുകയോ ഊടുവഴികളിലൂടെ കടന്നുകളയുകയോ ആയിരുന്നു പതിവ്.
പിടിയിലായ സലീമിനെതിരേ വിവിധ സ്റ്റേഷനുകളിൽ ബ്രൗൺഷുഗർ, കഞ്ചാവ് മുതലായ വിവിധ നിരോധിത ലഹരി ഉത്പന്നങ്ങൾ കടത്തിയതിന് മൂന്ന് കേസുകളും മാല പിടിച്ചുപറി, മോഷണം, അടിപിടി തുടങ്ങി എട്ടോളം കേസുകളുമുണ്ട്.
നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) സബ് ഇൻസ്പെക്ടർ പി.പി. അനിലിന്റെ നേതൃത്വത്തിലുള്ള ചെമ്മങ്ങാട് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.കോഴിക്കോട് ജില്ലാ പൊലീസ് മേധാവി എ. അക്‌ബറിന്റെ നിർദേശപ്രകാരം നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിലാണ് കഞ്ചാവ് കടത്തുകാർ പൊലീസിന്റെ വലയിലായത്.




