പന്തളം : സുഹൃത്തക്കൾക്കൊപ്പം അച്ചൻകോവിലാറ്റിൽ കുളിക്കാൻ എത്തിയ ആറംഗ സംഘത്തിലെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുളനട ഉള്ളന്നൂർ പൈവഴി ഇരട്ടക്കുളങ്ങര രാജ് വില്ലയിൽ പരേതനായ വർഗീസിന്റെ മകൻ ഗീവർഗീസ് പി. വർഗീസാ(17) ണ് മരിച്ചത്. തുമ്പമൺ സെന്റ് ജോൺസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു.

നാല് ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ചേർന്നുള്ള സംഘം ആണ് ആറ്റിൽ ഇറങ്ങിയത്. ഇവരിൽ ഗീവർഗീസ് ഒഴുക്കിൽ പെടുകയായിരുന്നു. ഇത് കണ്ട് കൂടെ ഉണ്ടായിരുന്ന രണ്ട് ആൺകുട്ടികൾ ഓടി രക്ഷപെട്ടു. മറ്റുള്ളവരെ പന്തളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ഗീവർഗീസിനെ സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ച എങ്കിലും കയത്തിൽ മുങ്ങി താഴുകയായിരുന്നു. സുഹൃത്തുക്കൾ ഓടി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞു.

പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമാണ് തെരച്ചിൽ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ പത്തനംതിട്ട സ്‌കൂബാ സംഘം ആണ് ഇടക്കടവ് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷൈല വർഗീസ്. സഹോദരങ്ങൾ: ഡോ. ഡോണ(ദുബായ്), ഡോണവാൻ(ഷാർജ), ഗിദയോൻ(വിദ്യാർത്ഥി, മർത്തോമാ കോളേജ്, തിരുവല്ല).

(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ)