- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോളജ് വിനോദയാത്രക്കിടെ ഗോവൻ മദ്യം കടത്തി; കണ്ടെടുത്തത് 50 കുപ്പികൾ; പ്രിൻസിപ്പൽ അടക്കം നാലുപേർ അറസ്റ്റിൽ
കൊച്ചി: കോളജിൽനിന്നു വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ ഗോവയിൽനിന്ന് അനധികൃതമായി മദ്യം കടത്തിയതിന് കൊല്ലത്തെ ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പലടക്കം നാലുപേർ കൊച്ചിയിൽ അറസ്റ്റിൽ. പ്രിൻസിപ്പൽ, ബസ് ഡ്രൈവർ, ക്ലീനർ, ടൂർ ഓപ്പറേറ്റർ എന്നിവരുടെ ബാഗുകളിൽ നിന്നാണ് 50 കുപ്പികളിലായി 32 ലിറ്റർ മദ്യം കണ്ടെടുത്തത്.
ഗോവയിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിൽനിന്നാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യം എക്‌സൈസ് സംഘം പിടികൂടിയത്. ഡി.എൽ.എഡ് വിദ്യാർത്ഥികളായ 33 പെൺകുട്ടികളും ആറ് ആൺകുട്ടികളും പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അദ്ധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാലാരിവട്ടത്തുവച്ചാണ് എക്‌സൈസ് സംഘം ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്.
ബസിന്റെ ലഗേജ് അറയിലെ ബാഗുകളിൽനിന്നാണ് മദ്യം പിടികൂടിയത്. പ്രിൻസിപ്പൽ, ബസ് ജീവനക്കാർ, ടൂർ ഓപ്പറേറ്റർ എന്നിവർക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. എറണാകുളം എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. സജീവ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.




