കൊല്ലം: വെളളാപ്പള്ളിയ്ക്ക് എതിരെ ആഞ്ഞടിച്ച് ഗോകുലം ഗോപാലന്‍. വെള്ളാപ്പളളിയുടെ കൊള്ള അവസാനിപ്പിക്കാന്‍ ശ്രീനാരായണീയര്‍ ഒന്നിക്കണമെന്നും ഗോകുലം ഗോപാലന്‍. അമേരിക്കന്‍ കമ്പനിയ്ക്ക് ശങ്കേഴ്‌സ് ആശുപത്രിയുടെ നടത്തിപ്പവകാശം നല്‍കിയതിനെതിരെയുള്ള പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലന്‍. അസാദ്ധ്യമെന്ന് കരുതിയതൊക്കൊ സാദ്ധ്യമാക്കി നമുക്ക് കാട്ടി തന്നെ നേതാവായിരുന്നു ആര്‍.ശങ്കര്‍. ഇച്ഛാശക്തിയുടെ, ദൃഢനിശ്ചയത്തിന്റെ, ആത്മവിശ്വാസത്തിന്റെ നിറകുടമായിരുന്നു മഹാനായ ആര്‍. ശങ്കറെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ആര്‍.ശങ്കറിന്റെ നാമധേയത്തിലുള്ള ആശുപത്രിയെ ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇവിടെ നടക്കുന്നതെന്ന് പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു കൊണ്ട് ഗോകുലം ഗോപാലന്‍ പറഞ്ഞു.

ശ്രീ നാരായണ ഗുരുദേവന്‍ അരുളിയ അഷ്ട ലക്ഷ്യങ്ങളില്‍ പ്രധാനമായ വിദ്യാഭ്യാസവും, ആരോഗ്യവും സംഘടന കൊണ്ട് ശതമാകുക തുടങ്ങിയ സന്ദേശങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കിയ വ്യക്തിത്വമാണ് ആര്‍.ശങ്കര്‍ ശ്രീനാരായണ സ്വത്വബോധം സാധാരണ ജനതയില്‍ വളര്‍ത്തിയ മഹാനുഭാവനായിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ എക്കാലത്തേയും സമുന്നതനായ നേതാവിനെ അപമാനിക്കുകയാണ് വെള്ളാപ്പള്ളിയും ഒരു കൂട്ടം കള്ളന്മാരും പതിറ്റാണ്ടായി ചെയ്തു കൊണ്ടിരിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ മാത്രം നേതാവായിരുന്നില്ല ആര്‍.ശങ്കറെന്ന് നമ്മള്‍ തിരിച്ചറിയണെമെന്നും ഗോകുലം വ്യക്തമാക്കി. ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിക്കൊണ്ട്, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ അവകാശ സംരക്ഷണത്തിനായ് ശക്തമായവകുപ്പുകള്‍ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ അതി തീവ്രമായി പരിശ്രമിച്ച നിയമജ്ഞന്‍കൂടിയായിരുന്നു ആര്‍.ശങ്കറെന്ന് വെള്ളാപ്പള്ളിയും കൂട്ടരും തിരിച്ചറിയണം. നമ്മള്‍ ഇന്ന് ഇവിടെ തുടങ്ങുന്ന പ്രക്ഷോഭം കേരള ജനത ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നായാടി മുതല്‍ നമ്പൂതിരി വരെയെന്ന ആശയം മുന്നോട്ട് വച്ചുകൊണ്ട് 1947 ല്‍ മന്നത്ത് പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് ഹിന്ദുവിന്റെ അവകാശകള്‍ നേടിയെടുക്കാന്‍ വേണ്ടി ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച മണ്ണില്‍ കാലൂന്നി നിന്നുകൊണ്ടാണ് വെള്ളാപ്പള്ളി നടേശാ നിങ്ങളോട് പറയുകയാണ് ശങ്കേഴ്‌സ് ഹോസ്പിറ്റല്‍ കച്ചവടം നടത്താമെന്ന ഫാമിലി ക്ലെബിന്റെ ആഗ്രഹം അങ്ങ് അവസാനിപ്പിച്ചേക്ക്. ആശയസമ്പുഷ്ടതയും, ധീരതയും, ആത്മവിശ്വാസവും, ഇച്ഛാശക്തിയും കൊണ്ടാണ് ആര്‍ ശങ്കര്‍ രാഷ്ട്രീയ സാമൂഹ്യ, സാമുദായിക ഭരണ നേതൃത്വത്തില്‍ തിളങ്ങിയെതെങ്കില്‍ അതേ ശങ്കറിന്റെ പിന്‍ തലമുറക്കാര്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വെള്ളാപ്പള്ളിയ്ക്കും കൂട്ടര്‍ക്കും ശങ്കറിന്റെ ആത്മാവ് കുടികൊള്ളുന്ന മണ്ണില്‍ നിങ്ങള്‍ക്ക് ഒരുചുക്കും ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ലന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

കേരളത്തില്‍, ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും യഥാര്‍ത്ഥ വിപ്ലവം രചിച്ച സര്‍വ്വാദരണീയനായിട്ടാണ് ശങ്കര്‍ അറിയപ്പെടുന്നതെങ്കില്‍ വെള്ളാപ്പള്ളി നടേശനെ ഇതിനെല്ലാം ഘടക വിരുദ്ധമായിട്ടാണ് കേരളക്കര അറിയുന്നെതെന്ന് നിങ്ങള്‍ തിരിച്ചറിയണം. കൊല്ലം രണ്ടാമതൊരു ഹിന്ദു മഹാ മണ്ഡലം രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് വെള്ളാപ്പള്ളിയെ ഗോകുലം ഓര്‍മ്മപ്പെടുത്തി. ശ്രീനാരായണ കുലത്തിന്റെ ശക്തമായ മേഖലയാണ് കൊല്ലം. കൊല്ലത്തെ അതസ്ഥിത വര്‍ഗ്ഗത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തിലാണ് 1970-ല്‍ ശങ്കേഴ്‌സ് ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തില്‍ ഇന്ന് കാണുന്ന പ്രധാന സ്വകാര്യ ആശുപത്രികളൊക്കെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനും എത്രയോ മുമ്പാണ് ശങ്കേഴ്‌സ് ആശുപത്രി ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചത് എന്നാല്‍ ഈ ആതുരാലയം പ്രവര്‍ത്തനം ആരംഭിച്ച് 5 പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഈ മഹാപ്രസ്ഥാനം അമേരിക്കന്‍ കമ്പനിയ്ക് തീറെഴുതി കൊടുക്കാന്‍ രഹസ്യമായി ശ്രമിച്ച വെള്ളാപ്പള്ളി ശ്രീനാരായണ കുലത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ അഭിമാനമായ ആശുപത്രിയായി ഉയര്‍ത്തി കൊണ്ട് വന്ന, ശങ്കര്‍സ് ആശുപത്രിയെ സാധാരണ ജനതയുടെ രോഗ പരിചരണ കേന്ദ്രമായിട്ടാണ് ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. പൊതു സമൂഹത്തിന് നല്ല ആരോഗ്യ സംരക്ഷണം ലഭ്യമാക്കാന്‍ വേണ്ടിയാണ് മുന്‍കാല ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാക്കളും ആശുപത്രി മാനേജ്‌മെന്റും ശ്രമിച്ചതെങ്കിലും വെള്ളാപ്പളളിയുടെ യോഗ നേതൃത്വത്തിലേക്കുളള കടന്ന് വരവോടെയയാണ് ശങ്കേഴ്‌സ് ആശുപത്രിയുടെ ശനിദശ ആരംഭിച്ചതെന്ന് പറയേണ്ടി വരും. മികച്ച ഡോക്ടര്‍മാരെ ആശുപത്രിയുടെ ഭാഗമാക്കി ആധുനിക സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി ആശുപത്രി നവീകരിക്കുന്നതിന് പകരം ശങ്കേഴ്‌സ് ആശുപത്രിയെ ഐ.സി.യു വില്‍ പ്രവേശിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കി മാറ്റുന്നതിന് പകരം ജീവനക്കാര്‍ക്ക് മിനിമം വേതനം പോലും നല്‍കാതെ മഹാനായ ശങ്കറിന്റെ നാമധേയം കളങ്കിതമാക്കി നേഴ്‌സുമാരെക്കൊണ്ട് ആശുപത്രി കവാടത്തിന് മുനില്‍ സമരം ചെയ്യിച്ചത് വെള്ളാപ്പള്ളിയുടെ കിഴിഞ്ഞ ബുദ്ധിയാണന്ന് അരി ആഹാരം കഴിക്കുന്ന സാധാരണ ജനത തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. നോക്കു കൊല്ലത്തിന്റെ അഭിമാനമായ ഹോസ്പിറ്റലാണ് വെള്ളാപ്പള്ളി അമേരിക്കന്‍ കമ്പനിയ്ക്ക് തീറെഴുതി കൊടുക്കാന്‍ രഹസ്യ ധാരണ ഉണ്ടാക്കിയിരിക്കുന്നത്. 99 വര്‍ഷത്തേയ്ക്കാണ് അമേരിയ്ക്കന്‍ കമ്പനിയ്ക്ക് ശങ്കേഴ്‌സ് ആശുപത്രി നടത്തിയിപ്പ് അവകാശം തീറെഴുതി കൊടുക്കാന്‍ വെള്ളാപ്പളളിയും ഫാമിലി ക്ലബ് കൊള്ളസംഘവും ധാരണ ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ കൃസ്ത്യന്‍ മിഷനറിയാണ് ഇതിന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ഗോകുലം ആരോപിച്ചു.

കൊല്ലം നഗരത്തില്‍ തല ഉയര്‍ത്തിയ് നില്‍ക്കേണ്ട എസ്.എന്‍.ഡി.പി.യുടെ ആസ്ഥാന മന്ദിരം കൊല്ലം കോര്‍പ്പറേഷന്‍ ജപ്തി ചെയ്തിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടാകാന്‍ പോകുന്നു. ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ആസ്ഥാന മന്ദിരമാണ് ജപ്തി ചെയ്തിരിക്കുന്നത് എന്ന് നമ്മള്‍ തിരിച്ചറിയണം. കോടികള്‍ മൈക്രോ ഫിനാന്‍സിലൂടെ തട്ടിപ്പ് നടത്തി സാധാരണ കുടുംബങ്ങളെ ദുരന്തത്തിലേക്ക് തളളിയിട്ട വെള്ളാപ്പളളിയുടെ മനസ്സ് നമ്മള്‍ തിരിച്ചറിയണം. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ വെള്ളാപ്പള്ളി സൃഷ്ടിക്കാതിരിക്കാന്‍ ശ്രീനാരായണീയര്‍ അതീവ ശ്രദ്ധയോടെ തന്നെ ഇടപെട്ടില്ലങ്കില്‍ ശ്രീനാരായണീയരെ കൂട്ടത്തോടെ വില്‍ക്കുമെന്ന് ഈഴവര്‍ തിരിച്ചറിയണം. വളളാപ്പളളിയുടെ ദുഷ്ടലാക്കോടെയുള്ള ഒരോ നീക്കത്തെയും നമുക്ക് ശക്തമായി നേരിടാന്‍ കഴിയണമെന്നും ഗോകുലം ഗോപാലന്‍ ആഹ്വാനം ചെയ്തു.