കൊടുവള്ളി: സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നു. കൊടുവള്ളിയിലാണ് സംഭവം. കടയടച്ച ശേഷം സ്‌കൂട്ടറില്‍ ഇന്നലെ രാത്രി വീട്ടിലേക്കു പുറപ്പെട്ട സ്വര്‍ണ വ്യാപാരിയാണ് ആക്രമണത്തിനും കവര്‍ച്ചയ്ക്കും ഇരയായത്. കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ചു ഭീഷണിപ്പെടുത്തി ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം കവര്‍ന്നു.

ബസ് സ്റ്റാന്‍ഡിനു സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവില്‍ സ്വദേശി ബൈജുവിനെയാണ് ആക്രമിച്ചു സ്വര്‍ണം കവര്‍ന്നത്. 10.30ന് മുത്തമ്പലത്താണു സംഭവം. ആഭരണ നിര്‍മാണശാലയില്‍ നിന്നു പുറപ്പെട്ട ബൈജുവിനെ പിന്തുടര്‍ന്നെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ വ്യാപാരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.