കൊച്ചി: തുടര്‍ച്ചയായ വര്‍ധനവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്നലെ സര്‍വകാല റെക്കോഡിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണികളാണ് സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നത്.

ട്രംപിന്റെ താരിഫ് നയം ലോകം വ്യാപാര യുദ്ധത്തിലേക്ക് കടക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്. ഈ ആശങ്കകള്‍ കാരണം നിക്ഷേപകര്‍ കൂട്ടത്തോടെ സ്വര്‍ണത്തിലേക്ക് മാറിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണത്തിന്റെ വിലയെ കാര്യമായി സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഇന്ന് ഒരു ഗ്രാം, പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ ചെലവാകും എന്ന് നോക്കാം.

ഇന്ന് ഒരു ഗ്രം സ്വര്‍ണത്തിന് 45 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8070 രൂപയുണ്ടായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8025 രൂപയായി. പവന് 360 രൂപയുടെ ഇടിവാണ് ഇന്ന് സ്വര്‍വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്നലത്തെ റെക്കോഡ് നിരക്കായ 64560 ല്‍ നിന്ന് മാറി 64200 ല്‍ ആണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. 22 കാരറ്റിന്റെ പത്ത് ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 80250 രൂപ ചെലവാകും.

ഫെബ്രുവരിയില്‍ സ്വര്‍ണത്തിന് വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് 61960 രൂപയായിരുന്നു വില. വെറും 20 ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 2600 രൂപയാണ് വര്‍ധിച്ചത്. 2025 പിറന്ന് 50 ദിവസം കഴിഞ്ഞപ്പോള്‍ സ്വര്‍ണ വിലയില്‍ ഉണ്ടായത് 7360 രൂപയുടെ വര്‍ധനവാണ്. ജനുവരി ഒന്നിന് 57200 എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. ജനുവരി 22 നാണ് സ്വര്‍ണവില ആദ്യമായി 60000 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്.

പിന്നീട് ഇതിന് താഴേക്ക് സ്വര്‍ണ വില എത്തിയിട്ടില്ല. ജനുവരി 31 ന് ആദ്യമായി 61000 പിന്നിട്ട സ്വര്‍ണവില, ഫെബ്രുവരി നാലിന് 62000 വും ഫെബ്രുവരി അഞ്ചിന് 63000 വും ഫെബ്രുവരി 11 ന് 64000 വും കടന്നു. ഫെബ്രുവരി മൂന്നാം തിയതി രേഖപ്പെടുത്തിയ 61640 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയര്‍ന്ന് തന്നെ നില്‍ക്കും എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

നേരിയ ചാഞ്ചാട്ടമുണ്ടാകാമെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന തരത്തിലൊരു വിലയിടിവ് ഇനി സ്വര്‍ണത്തിന് പ്രതീക്ഷിക്കേണ്ടതില്ല. ട്രംപിന്റെ നയം മാറ്റം, ഡോളറിനെതിരെ രൂപ ശക്തിപ്പെടല്‍ എന്നിവ സംഭവിച്ചാല്‍ സ്വര്‍ണത്തിന് വിലയിടിവ് പ്രതീക്ഷിക്കാം.