- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചു സ്വർണക്കടത്ത്: കണ്ണൂർ വിമാനത്താവളത്തിൽ തലശേരി സ്വദേശി അറസ്റ്റിൽ
മട്ടന്നൂർ :കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ അടിവസ്ത്രത്തിനുള്ളിൽ തേച്ചുപിടിപ്പിച്ചു കടത്തുകയായിരുന്ന അരകിലോയിലധികം രൂപ വിലവരുന്ന സ്വർണവുമായി യാത്രക്കാരനെ പിടികൂടി. പിടികൂടിയ സ്വർണത്തിന് 33,19,538- രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. തലശേരി സ്വദേശി ഷംസീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ദുബായിയിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇയാൾ.
കസ്റ്റംസ് ചെക്കിങ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പെയിന്റുു പോലെ അടി വസ്ത്രത്തിനുള്ളിൽ തേച്ചു പിടിപ്പിച്ച നിലയിലാണ് കടത്താൻ ശ്രമിച്ചത്.
554.18 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ ബിന്ദു, അജിത്ത്, ഇൻസ്പെക്ടർമാരായ അശ്വിന, നിശാന്ത്, പങ്കജ്, നിഖിൽ, ഹവിൽദാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരിൽ നിന്നും രണ്ടുകോടിയോളം രൂപ വരുന്ന സ്വർണം എയർപോർട്ട് പൊലിസ് പിടികൂടിയിരുന്നു.
അബുദാബി, മസ്കറ്റ്, ഷാർജ എന്നിവടങ്ങളിൽ നിന്നും കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്നു പേരാണ് എയർപോർട്ട് പൊലിസിന്റെ പിടിയിലായത്. കാസർകോട് ഉദുമ സ്വദേശികളായ അബ്ദുറഹിമാൻ, നിസാമുദ്ദീൻകൊവ്വാൽ, കണ്ണൂർ മാനന്തേരി സ്വദേശിയായ നൗഫൽ എന്നിവരാണ് പിടിയിലായത്. വരുംദിവസങ്ങളിലും കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചു സ്വർണക്കടത്തിനെതിരെ റെയ്ഡു ശക്തമാക്കുമെന്ന് എയർപോർട്ട് പൊലിസ് അറിയിച്ചു.
കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത്കുമാറിന്റെ ഉത്തരവ് പ്രകാരമാണ് കസ്റ്റംസ് ചെക്കിങ് കഴിഞ്ഞിറങ്ങുന്ന യാത്രക്കാരെ കർശനപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഇതുവരെയായ അഞ്ചുകോടിയുടെ സ്വർണമാണ് എയർപോർട്ട് പൊലിസ് ഇതുവരെയായി പിടികൂടിയത്. എക്സൈസ് നടത്തുന്ന റെയ്ഡിനു പുറമേയാണ് പൊലിസ് സ്വർണവേട്ട നടത്തുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്