കണ്ണൂര്‍: സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയതോടെ റെയില്‍ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് റെയില്‍വേ അധികാരികള്‍ക്ക് തലവേദനയായി. പവന്‍ 94,500 രൂപ പിന്നിട്ട സാഹചര്യത്തില്‍ തീവണ്ടികളില്‍ സ്വര്‍ണക്കവര്‍ച്ച വര്‍ധിക്കാമെന്ന മുന്നറിയിപ്പോടെയാണ് റെയില്‍വേ സംരക്ഷണസേന ബോധവത്കരണ പോസ്റ്ററും വീഡിയോയും പുറത്തിറക്കിയത്. യാത്രക്കിടെ വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിക്കാതിരിക്കാന്‍ വനിതാ യാത്രികര്‍ക്ക് പ്രത്യേക നിര്‍ദേശവുമുണ്ട്.

മോഷ്ടാക്കളുടെ പ്രധാന ലക്ഷ്യം സ്ത്രീകളുടെ പാദസരങ്ങളാണ്. മുകള്‍ ബെര്‍ത്തില്‍ ഉറങ്ങുന്നവരുടെ കാല്‍പാദങ്ങളില്‍ നിന്ന് പാദസരം പൊട്ടിച്ചെടുക്കുന്ന രഹസ്യരീതികളാണ് പല സംഘങ്ങളും പിന്തുടരുന്നത്. സംഘമായി കയറി വ്യത്യസ്ത കോച്ചുകളില്‍ മോഷണം നടത്തി കാണാതാകുന്നതാണ് ഇവരുടെ ശൈലി. കൊങ്കണ്‍ റൂട്ടില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലാണ് രേഖപ്പെടുത്തുന്നത്.

മംഗളൂരുവില്‍ കഴിഞ്ഞ വര്‍ഷം പിടിയിലായ ഒരു കവര്‍ച്ചാസംഘം വിമാനമാര്‍ഗം വരുകയും മോഷണത്തിനുശേഷം അതേ വഴി നാട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. തിരുവനന്തപുരം മുതല്‍ മംഗളൂരു വരെ സ്ത്രീകളാണ് കൂടുതലായും ഇരയാകുന്നത്.

തീവണ്ടികളില്‍ ക്യാമറാ നിരീക്ഷണം പരിമിതമായതും ഒരു പ്രധാന പ്രശ്‌നമാണ്. പുതിയ എല്‍.എച്ച്.ബി കോച്ചുകളില്‍ മാത്രമേ സിസിടിവി സംവിധാനം നിലവിലുള്ളൂ. കൊങ്കണ്‍ റൂട്ടിലെ ട്രെയിനുകളില്‍ സുരക്ഷാ ജീവനക്കാരുടെ അഭാവവും കവര്‍ച്ചക്കാര്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി യാത്രക്കാര്‍ പറയുന്നു. പുലര്‍ച്ചെ സമയങ്ങളില്‍ യാത്രക്കാര്‍ ഉറങ്ങുന്ന സമയമാണ് മോഷ്ടാക്കള്‍ അധികമായി മുതലെടുക്കുന്നത്.