മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ 2.5 കോടി രൂപയുടെ സ്വർണവേട്ട. ഇന്നു രാവിലെ ജിദ്ദയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ മൂന്ന് സീറ്റുകൾക്ക് അടിയിലായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാം വീതം തൂക്കം വരുന്ന മൂന്നു സ്വർണ്ണ ബിസ്‌ക്കറ്റുകൾ പിടികൂടി. ഇതുകൂടാതെ, അബുദാബിയിൽ നിന്നും വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് മടവൂർ സ്വദേശി പാമ്പുങ്ങൽ മുഹമ്മദ് ഫാറൂഖ് ശരീരത്തിനുള്ളിൽ മൂന്നു ക്യാപ്സ്യൂൾ രൂപത്തിലുള്ള ഉറകളിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 811ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മിശ്രിതവും, അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 164.ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മാലയുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.

മുഹമ്മദ് ഫാറൂഖിന് 70,000 രൂപയും വിമാനടിക്കറ്റും ആണ് കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്തിരുന്നത്. ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംസ് സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മീഷണർമാരായ രവീന്ദ്രകെനി, പ്രവീൺകുമാർ.കെ.കെ സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണൻ, കുഞ്ഞുമോൻ, വിക്രമാദിത്യ കുമാർ ഇൻസ്‌പെക്ടർ മാരായ രവികുമാർ.ഇ, ജോസഫ് കെ ജോൺ, നിക്സൺ കെ.എ, വിജി.ടി, സച്ചിദാനന്ദ പ്രസാദ് ഹെഡ് ഹവിൽദാർ ഇ.ടി. സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്തു പിടികൂടിയത്.