തിരുവനന്തപുരം: മങ്കാട്ടുകടവിൽ ഓട്ടോ ഡ്രൈവറെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പെരുകാവ് സ്വദേശി അരുണിന്റെ കൈയ്ക്ക് ആണ് വെട്ടേറ്റത്. തിരുമല സ്വദേശികളായ നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി.

ഇന്നലെ രാത്രി 12മണിയോടെയാണ് സംഭവം. വീട്ടിൽ അരുണും ഭാര്യയും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം അരുണിനെ പിടിച്ചുനിർത്തി വെട്ടുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ തന്നെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളാവാതിരിക്കാൻ ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എന്നാണ് റിപ്പോർട്ടുകൾ.

തിരുമല സ്വദേശികളുമായി അരുണിന് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ വിരോധം തീർത്തതാണെന്നാണ് പരാതിയിൽ പറയുന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.