ആലുവ:ആലുവയിൽ ഗുണ്ടാപ്പിരിവ് ചോദിച്ചപ്പോൾ നൽകാത്തതിനെ തുടർന്ന് ഹോട്ടൽ അടിച്ചുതകർത്തു.ബുധനാഴ്ച പുലർച്ച ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ഗാരേജിന് മുന്നിലെ 'ശക്തി ഫുഡ്‌സ്' എന്ന കടയാണ് തകർത്തത്.പുലർച്ച ഒരു മണിയോടെ എത്തിയ ഒരാൾ ബൈക്കിൽ പെട്രോൾ തീർന്നെന്നും 200 രൂപ വേണമെന്നും കടയുടമയായ തമിഴ്‌നാട് സ്വദേശി ശക്തിവേലിനോടാവശ്യപ്പെട്ടു.

എന്നാൽ പണം ചോദിച്ചെത്തിയ ആളെ പരിചയമില്ലാത്തതിനാൽ തരാനാവില്ലെന്ന് വ്യക്തമാക്കിയപ്പോൾ കൈയേറ്റം ചെയ്യാനൊരുങ്ങി.തുടർന്ന് മൊബൈൽ നമ്പർ തന്നാൽ പണം നൽകാമെന്നറിയിച്ചപ്പോൾ കടയിലെ കറികളും മറ്റും വലിച്ചെറിഞ്ഞു.ഭയന്നുപോയ ശക്തിവേൽ കട പൂട്ടി മടങ്ങിയപ്പോഴാണ് ഇയാൾ വീണ്ടുമെത്തി കട തല്ലിത്തകർത്തത്.ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.

ഏതാനും മാസം മുമ്പ് ഇതിനോട് തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലും ഗുണ്ടകൾ തല്ലി തകർത്തിരുന്നു.16ാം വയസിൽ ആലുവയിൽ ഇഷ്ടികക്കളത്തിൽ ജോലിക്കെത്തിയ ശക്തിവേൽ ഹോട്ടലുകളിൽ പാത്രം കഴുകി വരുമാനമുണ്ടാക്കി ഫുഡ് ടെക്‌നോളജിയിൽ ഡിപ്ലോമ നേടിയെടുത്തയാളാണ്.