കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർമാർ പിടിച്ചുവയ്ക്കുന്നതിനെക്കുറിച്ചുള്ള സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ഗവർണർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

സുപ്രീം കോടതി എന്തു പറഞ്ഞാലും അത് എല്ലാവർക്കും ബാധകമാണ്. അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ ഇന്നു സുപ്രീം കോടതി കേരളത്തിന്റെ വിഷയം പരിഗണിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.

പൊതുഖജനാവിനു ചെലവു വരുന്ന ബിൽ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവർണറുടെ അനുമതി തേടണമെന്നാണ് ഭരണഘടന നിർദേശിക്കുന്നത്. സർവകലാശാലാ ബിൽ കൊണ്ടുവന്നപ്പോൾ സർക്കാർ അനുമതി തേടിയില്ല. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘഠനാ ലംഘനത്തിന് താൻ കൂട്ടുനിൽക്കണമെന്നാണ് പറയുന്നതെന്ന് ഗവർണർ മാധ്യമങ്ങളോടു ചോദിച്ചു. കലാമണ്ഡലത്തിൽ നിയമിച്ച പുതിയ ചാൻസലർ ഇപ്പോൾ വേതനം ആവശ്യപ്പെടുകയാണെന്നും ഗവർണർ പറഞ്ഞു.

അതേസമയം ഗവർണർമാർ തീ കൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി ഇന്ന് നിരീക്ഷിച്ചത്. ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസ്സാക്കിയ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെക്കുന്നത് ശരിയല്ല. നിയമസഭാ സമ്മേളനം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് ബിൽ പാസാക്കാത്തത് തീ കൊണ്ട് കളിക്കുന്നത് പോലെയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഗവർണർക്കെതിരായ പഞ്ചാബ് സർക്കാരിന്റെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം. ഗവർണർമാർ ഇത്തരത്തിൽ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യവും സർക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്ന് കോടതി ചോദിച്ചു. നിയമസഭ ചർച്ചകളിലൂടെ പാസ്സാക്കുന്ന ബിൽ, സ്റ്റേറ്റിന്റെ തലവൻ എന്ന നിലയിൽ ഗവർണർ പിടിച്ചുവെക്കരുത്.

സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവർണർമാർക്കെങ്ങനെ വിധി പറയാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. പഞ്ചാബ് സർക്കാരിനെയും കോടതി വിമർശിച്ചു. വർഷകാല സമ്മേളനം ചേരാത്തതിലാണ് പഞ്ചാബ് സർക്കാരിനെയും ഗവർണറെയും വിമർശിച്ചത്. ഗവർണറുടെ നടപടി ഗൗരവതരമെന്ന് തമിഴ്‌നാടിന്റെ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.