- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധം; വർണചിത്രങ്ങളുമായി പുത്തൻ കെഎസ്ആർടിസി ബസുകൾ; സർക്കാർ നടപടി 'ഇരട്ടനീതി'യെന്ന് ആക്ഷേപം
തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്കായി കെഎസ്ആർടിസി നിരത്തിലിറക്കുന്ന പുതിയ ബസുകൾക്ക് ഇഷ്ട നിറം നൽകിയതിൽ വിമർശനം ഉയരുന്നു. സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് സുരക്ഷാ കാരണങ്ങളാൽ വെള്ളനിറം നിർബന്ധമാക്കിയ സർക്കാർ കെഎസ്ആർടിസി ബസുകൾക്ക് ഇഷ്ടമുള്ള നിറം ഉപയോഗിക്കുന്നത് ഇരട്ടനീതിയാണെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയർന്നു. വിഷയത്തിൽ ഒരു വിഭാഗം ടൂറിസ്റ്റ് ബസ് ഉടമകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ പ്രഖ്യാപന പ്രകാരം എത്തിയ പുതിയ ബസുകൾ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അവയുടെ രൂപകൽപ്പനയാണ് വിവാദത്തിന് തിരികൊളുത്തിയത്. അശോക് ലെയ്‌ലാൻഡ് ഷാസിയിൽ ബെംഗളൂരുവിലെ പ്രമുഖ ബോഡി നിർമാതാക്കളായ 'പ്രകാശ്' നിർമിച്ച സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ കം സീറ്റർ ബസുകളിലെ വർണചിത്രങ്ങളാണ് വിമർശനത്തിന് ഇടയാക്കിയത്. ഗതാഗത മന്ത്രിയുടെ മകൻ ആദിത്യ കൃഷ്ണനാണ് ഈ ബസുകളുടെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിയുടെ മകൻ രൂപകൽപ്പന ചെയ്തതിനാലാണോ മോട്ടോർ വാഹന വകുപ്പ് നിയമങ്ങളിൽ ഇളവ് നൽകുന്നതെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്.
2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷമാണ് സർക്കാർ റോഡ് സുരക്ഷയുടെ ഭാഗമായി ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത കളർ കോഡ് ഏർപ്പെടുത്തിയത്. ബസുകളിലെ വർണപ്പകിട്ടാർന്ന ചിത്രങ്ങളും ലൈറ്റുകളും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തിരിച്ച് അപകടങ്ങൾക്ക് കാരണമാകുന്നു എന്നായിരുന്നു മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കി.
കോവിഡ് മഹാമാരിക്ക് ശേഷം പ്രതിസന്ധിയിൽ നിന്ന് കരകയറിവന്ന സ്വകാര്യ ബസ് മേഖലയ്ക്ക് ഈ തീരുമാനം വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിക്കു മാത്രം നിയമങ്ങളിൽ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായത്.