തിരുവനന്തപുരം: ഒടുവില്‍ രൂക്ഷമായ മുദ്രപ്പത്രക്ഷാമത്തിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. 50 രൂപയുടെ മുദ്രപ്പത്രങ്ങള്‍ നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസില്‍നിന്നു കേരളത്തിലേക്കു കൊണ്ടുവരും. ഒന്നേ മുക്കാല്‍ കോടി രൂപ ഇതിനായി അനുവദിച്ചു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജൂലൈയില്‍ നികുതി വകുപ്പിനു കത്തു നല്‍കിയിരുന്നു. എന്നാല്‍, മുദ്രപ്പത്രക്ഷാമം രൂക്ഷമായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പകരം 20 രൂപയുടെ പത്രം റീവാലിഡേറ്റ് ചെയ്തു നല്‍കാനായിരുന്നു നിര്‍ദേശം.

20 രൂപയുടെ പത്രവും തീര്‍ന്നതോടെ പലര്‍ക്കും ഉയര്‍ന്ന വിലയ്ക്കുള്ള മുദ്രപ്പത്രം ഉപയോഗിക്കേണ്ടി വന്നു. ഒടുവില്‍ 100 രൂപയുടെയും 50 രൂപയുടെയും മുദ്രപ്പത്രം ലഭ്യമാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ് നാസിക്കില്‍നിന്നു പത്രമെത്തിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചത്. മുദ്രപ്പത്രത്തിനു പകരം ഇ സ്റ്റാംപ് ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുദ്രപ്പത്രം ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തത്. പൊലീസ് കാവലില്‍ റവന്യു ഉദ്യോഗസ്ഥരാണ് നാസിക്കില്‍നിന്നു ട്രക്കില്‍ മുദ്രപ്പത്രം കൊണ്ടുവരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യാന്‍ ബസും വാടകയ്‌ക്കെടുക്കും.