തിരുവനന്തപുരം: രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ ഓണാഘോഷത്തിന് സർക്കാർ തന്നെ ക്ഷണിക്കാതിരുന്നതിൽ വിഷമമുണ്ട്. രാജ്ഭവനിൽ എന്തു പരിപാടിയുണ്ടെങ്കിലും താൻ എല്ലാവരേയും ക്ഷണിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

വ്യക്തിപരമായ അജണ്ടകളില്ലാത്തതിനാൽ തന്റെ വാതിലുകൾ എല്ലായ്‌പോഴും തുറന്നിട്ടിരിക്കുകയാണ്. നിയമാനുസൃതമായി മാത്രമേ പ്രവർത്തിക്കൂ. രാഷ്ട്രീയ താത്പര്യങ്ങൾക്കായി നിയമവിരുദ്ധമായി സർവകലാശാലകളെ ഉപയോഗിക്കുന്നവർക്ക് തന്റെ നിലപാടിൽ നിരാശ തോന്നുന്നതിൽ ഒന്നുംചെയ്യാനില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഗവർണർ പ്രതികരിച്ചു.

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാൻ നിയമസഭ പാസാക്കിയ ബിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നും ബിൽ കാണാതെ അഭിപ്രായം പറയാനാകില്ലെന്നും ഇതുസംബന്ധിച്ച ചോദ്യത്തോട് ഗവർണർ പ്രതികരിച്ചു. ചാൻസലർമാർക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതി നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും ഗവർണർ വ്യക്തമാക്കി.