കൊച്ചി: സാങ്കേതിക സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനെ താത്കാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്റെ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു.

ഈ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്. സിസ തോമസിന് സാങ്കേതിക സർവകലാശാല താത്കാലിക വിസിയായി തുടരാമെന്നായിരുന്നു സിംഗിൾ ബഞ്ച് വിധി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയ ശേഷമാണ് അപ്പീൽ നൽകിയത്.

നേരത്തെ യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് വിസിയാകാൻ സിസ തോമസിന് യോഗ്യത ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളിയത്. ചെറിയ കാലയളവിലേക്കാണ് സിസ തോമസിന്റെ നിയമനമെന്നും അതു വിവാദമാക്കേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സർവകലാശാലയിൽ സ്ഥിരം വിസി നിയമനം ഉടൻ നടത്താനും കോടതി ഉത്തരവിൽ നിർദേശിച്ചിരുന്നു.