- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം ശീലമാക്കണം; ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍
തിരുവനന്തപുരം: ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഓണ്‍ലൈന്‍, ഡയറക്ട് മാര്‍ക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തില്‍ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. അമിത ഉപഭോഗം നിയന്ത്രിച്ചും പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുത്തും ഭാവിതലമുറകളെ കണക്കിലെടുത്ത് ഉത്തരവാദിത്വ ബോധമുള്ള ഹരിത ഉപഭോക്തൃ സംസ്‌കാരം ശീലമാക്കണം. ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗല്‍ മെട്രോളജി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഉപഭോക്താക്കളെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനും ധാര്‍മികമായ വ്യാപാര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാര്‍ച്ച് 15 ന് ഉപഭോക്തൃദിനം ആചരിക്കുന്നത്. 'സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ഒരു നീതിയുക്തമായ പരിവര്‍ത്തനം' എന്നതാണ് ഇക്കൊല്ലത്തെ ലോക ഉപഭോക്തൃ അവകാശദിന ആപ്തവാക്യം. ഉപഭോക്താക്കള്‍ എന്ന നിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിലും, സേവനങ്ങള്‍ സ്വീകരിക്കുന്നതിലും ശരിയായ അവബോധവും ഉത്തരവാദിത്വവും നമ്മള്‍ പുലര്‍ത്തണം. ഉപഭോക്താക്കള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് അടിസ്ഥാന കാരണം അവകാശങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ്. ഉപഭോക്തൃ ബോധവത്ക്കരണം വിദ്യാര്‍ത്ഥികളില്‍ നിന്നും ആരംഭിച്ച് സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിച്ചു വരികയാണ്. 2025 അവസാനത്തോടെ ആയിരം കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം.
ഓണ്‍ലൈന്‍ കേസ് ഫയലിംഗ് സംവിധാനമായ ഇ-ദാഖില്‍, എല്ലാ കമ്മീഷനുകളിലും സൗജന്യ നിയമ സഹായ കേന്ദ്രങ്ങള്‍, ഉപഭോക്തൃ കമ്മീഷനിലെ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും മീഡിയേഷന്‍ കേന്ദ്രങ്ങള്‍, നവമാധ്യമങ്ങളിലൂടെ ഉപഭോക്തൃ കമ്മീഷനുകളുടെ ഉത്തരവുകളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുന്നതിനുള്ള മീഡിയ ലാബ് തുടങ്ങി ഉപഭോക്തൃ കമ്മീഷനുകള്‍ ജനസൗഹൃദമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
2021 ലെ ഡയറക്ട് സെല്ലിംഗ് കേന്ദ്രചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഡയറക്ട് സെല്ലിംഗ് മേഖലയിലെ അനഭിലഷണീയ കച്ചവട പ്രവണതകള്‍ തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തന മാര്‍ഗരേഖയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ് അതോറിറ്റിയും കേരളം നടപ്പിലാക്കിയിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകയായ തരത്തിലുള്ള ഈ ചുവടുവയ്പ് ഡയറക്ട് സെല്ലിംഗ് ബിസിനസിന്റെ നിയമ സാധുതയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തും. സര്‍ക്കാര്‍ സംവിധാനത്തിനു മാത്രമായി ഒരു മേഖലയിലേയും തട്ടിപ്പുകള്‍ പൂര്‍ണമായും തുടച്ചുനീക്കാനാകില്ലെന്നും ജാഗ്രതയോടെയുള്ള പെരുമാറ്റത്തിലൂടെ തട്ടിപ്പുകള്‍ക്കെതിരെ പ്രതിരോധിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
വി കെ പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ ജിനു സക്കറിയ ഉമ്മന്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ വി കെ അബ്ദുല്‍ കാദര്‍, അഡീഷണല്‍ കണ്‍ട്രോളര്‍ ആര്‍ റീന ഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലീഗല്‍ മെട്രോളജി വകുപ്പ് പ്രസിദ്ധീകരിച്ച ഉപഭോക്താക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു.