- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേസ് മാർക്കിന് പകരം വെയിറ്റേജ് പോയിന്റ് വന്നേക്കും; കലാ-കായിക മികവിനുള്ള മാർക്ക് വെയിറ്റേജ് പോയിന്റുകളാക്കുന്നത് കേന്ദ്ര വിമർശനത്തിന് പിന്നാലെ; സംസ്ഥാന തല കലാ-കായിക മേളകൾക്ക് ശേഷം അന്തിമതീരുമാനം വന്നേക്കും
പത്തനംതിട്ട:കേരളത്തിൽ മാർക്കിന്റെ കാര്യത്തിൽ അശാസ്ത്രീയമായ രീതി ഉണ്ടെന്ന കേന്ദ്രസർക്കാർ വിമർശനത്തിന് പിന്നാലെ ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ കോവിഡ് കാലത്തെ രീതി പിന്തുടരാൻ സർക്കാർ ആലോചിക്കുന്നു.തീരുമാനം നടപ്പിലാക്കിയാൽ കലാ- കായിക മികവിന് നേരത്തെ നൽകിയിരുന്ന ഗ്രേസ് മാർക്കുകൾ ഇനിമുതൽ വെയിറ്റേജ് പോയിന്റുകളായി മാറും. കോവിഡ് കാലത്ത് ഈ തരത്തിലാണ് മാർക്കുകൾ നൽകിയിരുന്നത്. എന്നാൽ സംസ്ഥാനത്തെ കലാ-കായിക മേളകൾ കഴിഞ്ഞു മാത്രമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകൂ എന്നാണ് സൂചന.
കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് അധ്യയന വർഷവും കലാ-കായിക മേളകൾ നടന്നിരുന്നില്ല.എന്നാൽ ഈ വർഷങ്ങളിൽ എൻ.സി.സി.,എൻ.എസ്.എസ്. തുടങ്ങിയവയുടെ പ്രവർത്തനം കാര്യക്ഷണമായി തന്നെ നടന്നിരുന്നു.ഇവയ്ക്ക് മുൻ വർഷങ്ങളിലുണ്ടായിരുന്ന ഗ്രേസ്മാർക്ക് ഒഴിവാക്കുകയുംചെയ്തു.ഗ്രേസ് മാർക്കിനുപകരം പ്ലസ്ടു പ്രവേശത്തിന് ഇതിലെ മികവാണ് വെയിറ്റേജായി പരിഗണിച്ചത്.
വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ സ്‌കൂൾ മാന്വലിന്റെ കരടിലും ഗ്രേസ് മാർക്കിനെ പ്രോത്സാഹിപ്പിക്കാത്ത നിലപാടായിരുന്നു എന്നതും ശ്രദ്ധേയമാണ്.മാർക്ക് ലിസ്റ്റിൽ ഗ്രേസ് മാർക്ക് പ്രത്യേകം രേഖപ്പെടുത്തണമെന്നാണ് മാന്വലിൽ രേഖപ്പെടുത്തിയിരുന്നത്.ഹയർസെക്കൻഡറിയുടെ കാര്യത്തിലാണ് ഈ പരിഷ്‌കാരം സർക്കാർ മുന്നോട്ടുവച്ചത്.
കേരളത്തിൽ മാർക്കിന്റെ കാര്യത്തിൽ അശാസ്ത്രീയമായ രീതി ഉണ്ടെന്ന കേന്ദ്രസർക്കാർ വിമർശനംകൂടി വന്ന സാഹചര്യത്തിലാണ് കരട് മാന്വലിൽ ഇത്തരമൊരു നിർദ്ദേശം ഇടംപിടിച്ചത്.പരീക്ഷയിൽ എഴുതി നേടിയ മാർക്കും ഗ്രേസ്മാർക്കും പ്രത്യേകം വേണമെന്നും കേന്ദ്ര ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു.നേരത്തെ ഗ്രേസ് മാർക്കിന്റെ കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.രവീന്ദ്രനാഥ് സമാനമായ മാറ്റം മുന്നോട്ടുവെച്ചിരുന്നെങ്കിലും വിവിധ ഭാഗങ്ങളിൽ നിനുള്ള എതിർപ്പുകൾ മൂലം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.




