തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രാജിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. 56 വയസായിരുന്ന രാജ് എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്ഐ ആയിരുന്നു. ഇന്നലെ രാത്രിയാണ് വെള്ളനാട് ട്രഷറിയിൽ ഡ്യൂട്ടിക്ക് എത്തിയത്.

രാവിലെ ഇവിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസുകാരൻ മുറി തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ പരമായ പ്രശ്നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നയാളാണെന്നും ഹൃദയാഘാതമാണെന്നാണ് കരുതുന്നതെന്നും പോലീസ് പറയുന്നു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസെത്തി നടപടി സ്വീകരിച്ചു. കൂടുതൽ പരിശോധനയ്ക്കുശേഷമെ ഇനി മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി.