- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ധാന്യം കടത്തിയെന്ന് കണ്ടെത്തൽ; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ കേസ്; കടത്തിയത് 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും
പത്തനംതിട്ട: കോന്നി സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും ധാന്യം കടത്തിയെന്ന് കണ്ടെത്തൽ. ധാന്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. അനിൽ കുമാർ, ജയദേവ് എന്നിവർക്കെതിരെയാണ് കേസ്. 36 ലക്ഷം രൂപയുടെ അരിയും ഗോതമ്പും കടത്തിയെന്നാണ് കേസ്.
വലിയ സുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലത്ത് നിന്നും ധാന്യം കടത്തിയതിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വകുപ്പ് തല വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. അരി കടത്തിയ ലോറി ഉൾപ്പെടെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഗോഡൗണിൽ നിന്നും റേഷൻ കടകളിലേക്ക് ലോറികളിൽ ഗോഡൗൺ മാനേജരുടെ നിർദേശപ്രകാരമാണ് കരാറുകാരൻ ലോഡ് എത്തിച്ചു നൽകുന്നത്. എങ്ങനെയാണ് ഇവിടെ നിന്നും ലോഡ് കണക്കിന് അരിയും ഗോതമ്പും കടത്തിയതെന്നത് കണ്ടെത്താനുണ്ട്. സംഭവത്തിൽ അനിൽ കുമാറിനെ നേരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ജയദേവിനെ സ്ഥലം മാറ്റുകയും ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് ഉൾപ്പെടെയുള്ള അന്വേഷണം നടക്കുകയാണ്.