തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രാരംഭവാദം നവംബർ മൂന്നിന് ആരംഭിക്കും. കേരളത്തിൽ വിചാരണ നടത്താൻ കഴിയുമോ എന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ വാദം നടക്കും. ഗ്രീഷ്മ ഉൾപ്പെടെ മൂന്നു പ്രതികളും വെള്ളിയാഴ്ച കോടതിയിൽ ഹാജരായി.കേസിൽ കഴിഞ്ഞ 26ന് ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. 11 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. എന്നാൽ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന നിലപാടിലാണ് ഷാരോണിന്റെ കുടുംബം.

കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം. ഗ്രീഷ്മ ആൺസുഹൃത്തായ ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു.

മരണമൊഴിയിൽ പോലും ഷാരോൺ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല. പിന്നീട്, പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഷാരോണിനെ ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നാണ് പൊലീസ് കണ്ടെത്തൽ.