- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ചായക്കടയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്ക്; കടയുടമ കസ്റ്റഡിയിൽ
വണ്ടൂർ: മലപ്പുറം പോരൂർ രവിമംഗലത്ത് ചായക്കടയിൽ സൂക്ഷിച്ചിരുന്ന പന്നിപ്പടക്കം പൊട്ടിത്തെറിച്ച് അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റു. സംഭവത്തിൽ കടയുടമ വാളമുണ്ട വെളുത്തേടത്ത് ഉണ്ണികൃഷ്ണനെ (50) വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും.
ഞായറാഴ്ച വൈകീട്ട് 4.45-ഓടെ ഉണ്ണികൃഷ്ണന്റെ ചായക്കടയിലാണ് വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായത്. ഈ സമയം കടയിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികളിൽ ഒരാളുടെ ചെവിക്കാണ് പരിക്കേറ്റത്. ഉണ്ണികൃഷ്ണന്റെ മുഖത്തും പരിക്കേറ്റതായി വിവരമുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കടയിലെ അലമാരയുടെ ചില്ലുകളും ഒരു ഇരുമ്പുമേശയും തകർന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കടയിൽ സൂക്ഷിച്ച പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായത്. സ്ഫോടനത്തിന് ശേഷം ഉണ്ണികൃഷ്ണൻ തെളിവ് നശിപ്പിക്കാനായി കുപ്പിച്ചില്ലുകൾ അടിച്ചുവാരി പുറത്തേക്ക് കളഞ്ഞതായും പോലീസ് കണ്ടെത്തി. പ്രദേശത്ത് പന്നിശല്യം രൂക്ഷമായതിനാൽ ഉണ്ണികൃഷ്ണൻ വീട്ടിലും കടയിലുമായി അനധികൃതമായി പന്നിപ്പടക്കം നിർമിച്ച് വിൽപ്പന നടത്തിവന്നിരുന്നതായി ആരോപണമുണ്ട്. മാസങ്ങൾക്ക് മുൻപ് ഇതേസ്ഥലത്ത് നിർമാണത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മറ്റൊരു അതിഥിത്തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്.