തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകർച്ചയുടെ വാക്കിലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചു. ക്രമസമാധാന നില സംബന്ധിച്ച് ശരിയായ ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണത്തിൽ അവരുടെ കുടുംബം തന്നെ കണ്ടിരുന്നു. അനീഷ്യയുടെ മാതാപിതാക്കൾ നൽകിയ പരാതി സംസ്ഥാന സർക്കാറിനും കേന്ദ്രസർക്കാരിനും അയച്ച് നൽകും. അനീഷ്യക്കെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം നടത്തിയത് ശരിയല്ല.

പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഗവർണറെ കണ്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അനീഷ്യയുടെ അമ്മ പ്രസന്ന കുറ്റപ്പെടുത്തി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് പ്രതികരിക്കാമെന്ന് ഗവർണർ പറഞ്ഞു. നാവിന് കുഴപ്പം കണ്ടപ്പോൾ ശസ്ത്രക്രിയ ചെയ്തെന്നാണ് ഡോക്ടർമാർ പറയുന്നത്. അങ്ങനെ ചെയ്യാമോ ഇല്ലയോ എന്നത് വേറെ കാര്യം. സംഭവത്തിൽ അന്വേഷണം നടക്കട്ടെ.