തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ജെ എസ് സിദ്ധാര്‍ഥന്‍ എന്ന വിദ്യാര്‍ഥിയുടെ മരണത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന കോളേജ് ഡീനിനെയും, ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ഗവര്‍ണര്‍ മരവിപ്പിച്ചു. ഇരുവരെയും യാതൊരു ശിക്ഷാ നടപടികളും കൂടാതെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള സര്‍വകലാശാല ഭരണസമിതിയുടെ (മാനേജിങ് കൗണ്‍സില്‍) തീരുമാനം ഗവര്‍ണര്‍ തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സ്റ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം. നല്‍കിയിരുന്നു.

സിദ്ധാര്‍ഥന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ നിയോഗിച്ച വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച സര്‍വകലാശാല മാനേജിങ് കൗണ്‍സില്‍ ഭൂരിപക്ഷ അഭിപ്രായം പരിഗണിച്ച് യാതൊരു നടപടികളും കൂടാതെ രണ്ടുപേരെയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വെറ്ററിനറി സര്‍വകലാശാല ഭരണസമിതിയുടെ തീരുമാനം അക്കാദമിക് സമൂഹത്തിന് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ഭൂരിപക്ഷ വോട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതില്ല. സര്‍വകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാതാപിതാക്കളുടേയും സേവ് യൂണിവേഴ്സിറ്റി കാമ്പയിന്‍ കമ്മിറ്റിയുടേയും നിവേദനം.

കോളേജ് ഡീനിനേയും അസിസ്റ്റന്റ് വാര്‍ഡനേയും തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാനുള്ള ഭരണസമിതിയുടെ ഭൂരിപക്ഷ തീരുമാനം നടപ്പാക്കാന്‍ വിസമ്മതിച്ച വി.സി. ഡോ. കെ.എസ്. അനില്‍ ഇത് സംബന്ധിച്ച് മേല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി രാജ്ഭവന്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് കൗണ്‍സില്‍ തീരുമാനം തടഞ്ഞുകൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ്.

വിസി, മാനേജിങ് കൗണ്‍സില്‍ അംഗമായ ടി. സിദ്ദിഖ് എംഎല്‍എ ഉള്‍പ്പടെ നാലു പേര്‍ വിയോജിച്ചപ്പോള്‍ മറ്റൊരു അംഗമായ സച്ചിന്‍ ദേവ് എംഎല്‍എ ഉള്‍പ്പടെ 12 പേര്‍ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും തിരിച്ചെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.