കൊച്ചി : വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുത്തു. കെ. എസ്. ഇ. ബി. ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

കോതമംഗലം വാരപ്പെട്ടിയിലാണ് വൈദ്യുതി ലൈനിന് താഴെ കൃഷി ചെയ്തിരുന്ന വാഴകൾ വെട്ടി നശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോതമംഗലം പുതുപ്പാടി ഇളങ്ങടത്ത് കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ചത്. യുവ കർഷകൻ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോകുന്നതിനാണ് വാഴ കൃഷി നശിപ്പിച്ചതെന്നാണ് കെഎസ്ഇബിയുടെ വാദം. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് കുലച്ചുനിന്ന വാഴയാണ് വാരപ്പെട്ടി ഇളങ്ങവം കണ്ടമ്പുഴ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് സമീപം കെഎസ്ഇബി വെട്ടി വീഴ്‌ത്തിയത്. മൂലമറ്റത്ത് നിന്നെത്തിയ ലൈൻ മെയിന്റ്‌നൻസ് സബ് ഡിവിഷൻ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കൊടും ക്രൂരത കാട്ടിയത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കർഷകൻ പറയുന്നത്.

സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതിമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൃഷിവകുപ്പുമായി ആലോചിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുമെന്നും വൈദ്യുതി ലൈനിന് ഭീഷണിയായതുകൊണ്ടാണ് വാഴ വെട്ടിയതെന്നാണ് കെഎസ്ഇബി റിപ്പോർട്ടെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞത്. മനസാക്ഷിയില്ലാത്ത നടപടിയാണിതെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കർഷകരോടുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം സമീപനം മാറണമെന്നും സബ് മിഷനിലൂടെ വി ഡി സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു.