തിരുവനന്തപുരം: കേശവദാസപുരത്ത് കരിമ്പ് ജ്യൂസ് മെഷീനിൽ കൈ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. സ്മാർട്ട് ബസാർ ഷുഗർ ആൻഡ് ജ്യൂസ് സ്ഥാപനത്തിലെ ജീവനക്കാരനായ ആസാം സ്വദേശി ഗിലിസൺ (19) ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ശേഷം മെഷീൻ വൃത്തിയാക്കുന്നതിനിടെയാണ് ഇയാളുടെ വലത് കൈപ്പത്തി യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്.

ഒരു സ്ക്രൂ കടന്നുപോകാൻ മാത്രം വിടവ് ഉണ്ടായിരുന്ന ഭാഗത്തേക്ക് കൈ കയറിയതാണ് അപകട കാരണം. കരിമ്പ് പിഴിഞ്ഞെടുക്കുന്ന ചക്രങ്ങൾക്കിടയിൽ കയറിയതോടെ വിരലുകൾ യന്ത്രത്തിൽ അരഞ്ഞുപോകുകയായിരുന്നു. ജീവനക്കാരൻ്റെ നിലവിളി കേട്ട് ഓടിയെത്തിയവർ ഉടൻ തന്നെ മെഷീൻ ഓഫ് ചെയ്തെങ്കിലും കൈപ്പത്തി പൂർണ്ണമായും യന്ത്രത്തിൽ കുടുങ്ങിക്കിടന്നു. ഫയർഫോഴ്സ് സംഘം, യന്ത്രത്തിൻ്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ഗിലിസണിനെ പുറത്തെടുത്തത്. കൈപ്പത്തി ചതഞ്ഞരഞ്ഞതിനെ തുടർന്ന് അർദ്ധ ബോധാവസ്ഥയിലായ ഇയാളെ, തുടർ ചികിത്സയ്ക്കായി കട്ടർ ഉപയോഗിച്ച് മെഷീനിൽ നിന്ന് വേർപെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.