കൊച്ചി: 2047ഓടെ മെട്രോയും ബസുകളും ഉൾപ്പടെ പൊതുഗതാഗത സംവിധാനത്തിന്റെ മുഴുവൻ സാധ്യതകളും പൂർണമായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. കൊച്ചിയിൽ ഇന്ന് ആരംഭിച്ച 15-ാമത് അർബൻ മൊബിലിറ്റി ഇന്ത്യ (യുഎംഐ) സമ്മേളനംഎക്സ്പോ 2022 എന്നിവയുടെ ഭാഗമായി മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും മാറി പൊതുഗതാഗത സംവിധാനം തിരഞ്ഞെടുക്കാനുള്ള മാനസികമായ ഒരു മാറ്റം ജനങ്ങളിലുണ്ടാക്കാൻ നമുക്ക് കഴിയണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ സാധ്യതകളും ഉപയോഗിച്ച് ഒരു സമാന്തര ഇന്ധന സംവിധാനം സൃഷ്ട്ടിക്കുന്നതിനായുള്ള സർക്കാർ സംരംഭങ്ങളെ കുറിച്ഛ് ഊന്നിപ്പറഞ്ഞ മന്ത്രി, സോളാർ പാനലുകളുടെ യൂണിറ്റിന്റെ വില കുറയ്ക്കുന്നതിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ചൂണ്ടിക്കാട്ടി.

പഞ്ചസാരയ്ക്ക് പുറമെ കാർഷികാവശിഷ്ടങ്ങൾ, വൈക്കോൽ, മുള എന്നിവയിൽ നിന്ന് എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വലിയ മുന്നേറ്റമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും കൊച്ചിയിലുൾപ്പെടെ സ്മാർട്ട് സിറ്റികളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ നല്ല രീതിയിൽ മുന്നേറുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.