കോഴിക്കോട്: താനൂരിൽ 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തിന്റെ ഞെട്ടലിൽ നിന്നും ഉണർന്നിട്ടില്ല ജനത. പതിനഞ്ച് കുട്ടികളാണ് ദാരുണമായി മരിച്ചത്. അറ്റ്‌ലാന്റിക്' എന്ന ബോട്ടാണ് ഞയറാഴ്ച അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിൽ കൂടുതൽ ആളുകളെ ബോട്ടിൽ കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം.

ഇപ്പോഴിതാ സംസ്ഥാനത്തെ നിയമ സംവിധാനത്തെ വിമർശിച്ച് നടൻ ഹരീഷ് കണാരൻ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അപകടം ഉണ്ടായതിന് ശേഷം മാത്രം ഉണർന്ന് പ്രവർത്തിക്കുന്ന ഒരു വൃത്തികെട്ട നിയമ സംവിധാനമുണ്ട് നമ്മുടെ നാട്ടിൽ എന്നാണ് നടൻ പറയുന്നത്. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ് പരിശോധിക്കലാകും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്നും ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

ഹരീഷ് കണാരൻ ഫേസ്‌ബുക്ക് പോസ്റ്റ്

'ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ. ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ. ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ. ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ട്കളുടെ ഫിറ്റ്‌നസ് പൊക്കി നോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!എല്ലാം താൽക്കാലികം മാത്രം..വെറും പ്രഹസനങ്ങൾ മാത്രം..താനൂരിലെ ബോട്ട് അപകടത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ- ഹരീഷ് കണാരൻ കുറിച്ചു.