കൊച്ചി: 'ഇന്ത്യ'യ്ക്ക് പകരം 'ഭാരത്' ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളും വിവാദങ്ങളും ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ഭാരതം ഒട്ടും മോശപ്പെട്ട പേരല്ലെന്നും ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതാണെന്നും ഹരീഷ് പേരടി ഫേസ്‌ബുക്കിൽ കുറിച്ചു.

തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്നം അദ്ദേഹം വ്യക്തമാക്കി. വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന ഇന്ത്യയിൽ രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോയെന്ന് ഹരീഷ് പേരടി ചോദിച്ചു. അങ്ങനെയാണെങ്കിൽ അത് ജനാധിപത്യമാവില്ലെന്നും കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണെന്നും നടൻ കൂട്ടിച്ചേർത്തു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഭാരതമെന്നപേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ'...ചൊല്ലിയത് മഹാകവി വള്ളത്തോളാണ്...ഇനി ഈ മഹാകവിയേയും കാലം സംഘിയാക്കുമോ...ബോംബെക്ക് മുംബൈയാവാം...മദ്രാസിന് ചെന്നൈയാവാം...പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ..ഭരത് അവാർഡ് നിർത്തിയതിനുശേഷവും നാഷണൽ അവാർഡ് കിട്ടിയ നടന്മാരൊക്കെ ജാതി മതഭേദമന്യേ അവരുടെ പേരിന്റെ മുന്നിൽ ഭരത് എന്ന് അഭിമാനത്തോടെ ചേർത്തിരുന്നു...നാളെ മുതൽ അവരെയൊക്കെ നമ്മൾ സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ...വ്യക്തികൾക്ക് മതവും പേരും മാറാൻ ഭരണഘടന അനുവാദം നൽകുന്ന രാജ്യത്ത്..രാജ്യത്തിന് മാത്രം പേര് മാറാൻ അനുവാദമില്ലാതിരിക്കുമോ...അങ്ങിനെയാണെങ്കിൽ അത് ജനാധിപത്യമാവില്ല...കാരണം ജനാധിപത്യം ജനങ്ങൾക്കും അവരുടെ വാസസ്ഥലത്തിനും ഒരു പോലെ അവകാശപ്പെട്ടതാണ്..ഭാരതം...ഒട്ടും മോശപ്പെട്ട പേരുമല്ല...ആ പേര് ഇന്ത്യക്കാരായ എല്ലാവരുടെയും വേരുകൾക്ക് കൂടുതൽ ബലം നൽകുന്നതുമാണ്..എനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണ്.

ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിനുപകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റൽ ചർച്ചകൾ ആരംഭിച്ചത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്.

വിവാദത്തിൽ സിനിമ-കായികതാരങ്ങൾ ഉൾപ്പടെയുള്ളവർ പ്രതികരണവുമായി എത്തുകയാണ്. നടൻ അമിതാഭ് ബച്ചൻ, മുൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് എന്നിവർ പേര് മാറ്റുന്നതിനെ അനുകൂലിച്ച് എത്തിയിരുന്നു. ക്രിക്കറ്റ് ലോകകപ്പിൽ ഭാരത് എന്ന പേരിലാകണം ഇന്ത്യ കളിക്കേണ്ടതെന്ന് സെവാഗ് പറഞ്ഞു. വിഷയത്തിൽ പ്രതികൂല നിലപാടാണ് നടൻ വിഷ്ണു വിശാൽ ഉൾപ്പടെയുള്ളവർ സ്വീകരിച്ചത്.