തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ഹരിവരാസനം എന്ന പേരിലാണ് ഓണ്‍ലൈന്‍ റേഡിയോ ആരംഭിക്കുന്നത്. സന്നിധാനത്ത് നിന്നായിരിക്കും റേഡിയോയുടെ പ്രക്ഷേപണം. ദേവസ്വം ബോര്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും റേഡിയോ പ്രവര്‍ത്തിക്കുക.

റേഡിയോ നടത്തിപ്പിന് താല്‍പര്യമുള്ള കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റേഡിയോ മേഖലയില്‍ 15 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്കാണ് പരിഗണന നല്‍കുക. 24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാര്‍ത്തകള്‍, അറിയിപ്പുകള്‍, പ്രത്യേക സെഗ്മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയാണ് ഹരിവരാസനം റേഡിയോയില്‍ ഉണ്ടാവുക.