മാനന്തവാടി: വയനാട് തിരുനെല്ലിയിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെതിരെ പ്രതികരിച്ച സ്ത്രീയെ ആക്രമിച്ചയാൾ പൊലീസ് പിടിയിൽ. വിദ്യാർത്ഥികളോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതിനെതിരെ ആയിരുന്നു പ്രതിയുടെ പ്രതികാരം. പരാതിക്കാരിയായ യുവതിയെ പരസ്യമായി ഇയാൾ അപമാനിക്കുകയാണുണ്ടായത്. പ്രതി ഇവരുടെ കയ്യിൽ കയറി പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പനവല്ലി കാരാമ വീട്ടിൽ രാജു(45)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തൃശ്ശിലേരിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന വിദ്യാർത്ഥികളോടാണ് രാജു അപമര്യാദയായി പെരുമാറിയത്. ഇത് കണ്ടു കൊണ്ടു നിന്ന യുവതി ചോദിക്കാനെത്തിയപ്പോഴായിരുന്നു ഇയാൾ അവർക്കെതിരെ അതിക്രമം നടത്തിയത്. കത്തി കാണിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പൊതുസ്ഥലത്ത് വെച്ച് നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പരാതിയിലുള്ളത്.

രാജു പരാതിക്കാരിയുടെ കയ്യിൽ കയറിപ്പിടിച്ച്, കത്തി കാണിച്ച് വെട്ടി നുറുക്കി പുഴയിൽ എറിയുമെന്ന് പറഞ്ഞതായി പരാതിക്കാരിയുടെ മൊഴിയിൽ പൊലീസ് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പ്രവർത്തികൾ കൂടി വരുന്നതിനാലും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് മാതൃകാപരമായ ശിക്ഷ നടപ്പാക്കാനും പൊലീസ് മുൻകൈയെടുത്തു.

തിരുനെല്ലി പൊലീസ് സബ് ഇൻസ്പെക്ടർ പി. സൈനുദ്ധീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഒ.വി ജെയ്‌സൺ, പി.ജെ. ജിൽജിത്ത്, എം.കെ രമേശ്, സിവിൽ പൊലീസ് ഓഫീസറായ കെ.എച്ച് ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണത്തിലാണ് രാജു പൊലീസ് കസ്റ്റഡിയിലായത്. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.