- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം, ഇല്ലെങ്കിൽ നിയമനടപടി; വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിന്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറിനുള്ളിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ കെ ഹർഷിന വീണ്ടും സമരത്തിലേക്ക്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈ മാസം 13ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു. നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകണം. അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഹർഷിന മുന്നറിയിപ്പ് നൽകി.
കഴിഞ്ഞദിവസം കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുൻപിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചിരുന്നു. സംഭവത്തിൽ രണ്ടു ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് പൊലീസ് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് മുന്നിൽ നടത്തി വന്ന, 100 ദിവസം പിന്നിട്ട സമരത്തിൽ നിന്ന് പിന്മാറിയത്.
പൂർണമായ നീതി ലഭിക്കുന്നതു വരെ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഹർഷിന അന്നേദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനൽകിയതാണ്. ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നുമായിരുന്നു ഹർഷിനയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരം പ്രഖ്യാപിച്ചത്.



