തിരുവല്ല: 1.10 കിലോഗ്രാം ഹാഷിഷ് ഓയിലുമായി കോഴിക്കോട് സ്വദേശിയെ പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി. കോഴിക്കോട് പുത്തൂർ ഓമശ്ശേരി കണ്ണൻകോട്ടുമ്മൽ കെ. അഭിജിത് (21) ആണ് അറസ്റ്റിലായത്. ഇയാൾ ബംഗളൂരുവിൽ എവിയേഷൻ കോഴ്സിന് പഠിക്കുകയാണ്. അവിടെ നിന്നും തിരുവല്ലയിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് ഹാഷിഷ് ഓയിലെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. റെയിൽവേസ്റ്റേഷനു സമീപത്തുവച്ചാണ് അഭിജിത്തിനെ മയക്കു മരുന്നുമായി പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി വി. അജിത്തിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പി കെ.എ.വിദ്യാധരൻ, ലോക്കൽ ഡി.വൈ.എസ്‌പി എസ്.അഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

തിരുവല്ല പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ നീക്കത്തിലാണ് യുവാവ് കുടുങ്ങിയത്. മയക്കുമരുന്നിന്റെ ഉറവിടം, കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകി. ജില്ലയിൽ മദ്യ മയക്കുമരുന്നുകൾക്കെതിരായ നിയമനടപടികൾ തുടരുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു