പേരാമ്പ്ര: ബംഗളൂരുവില്‍ നിന്നും കൊടുവള്ളിയിലേക്ക് കാറില്‍ കടത്തുകയായിരുന്ന 72,60,000 രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പേരാമ്പ്ര പൊലീസ് പിടിയില്‍. മാനിപുരം വടക്കെ അപ്പമണ്ണില്‍ സഫ്വാന്‍ (33), കൊടുവള്ളി വാവാട് സ്വദേശി മാളികതടത്തില്‍ അലി ഇര്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് സ്ഥിരമായി പണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് റൂറല്‍ എസ്പി ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജംഗ്ഷനില്‍ വെച്ചാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള (KA 51 MJ 9501) വെള്ള ക്രെറ്റ കാര്‍ പൊലീസ് തടഞ്ഞത്. പരിശോധനയുടെ ആദ്യഘട്ടത്തില്‍ പണം കണ്ടെത്താനായില്ലെങ്കിലും, വിശദമായ പരിശോധനയില്‍ കാറിന്റെ ഡോര്‍ പാഡുകള്‍ക്കിടയില്‍ രഹസ്യ അറകള്‍ കണ്ടെത്തി.

ഡോര്‍ പാഡ് ഇളക്കി മാറ്റിയപ്പോള്‍ 500, 200, 100 രൂപയുടെ നോട്ടുകെട്ടുകള്‍ അടുക്കി വെച്ച നിലയിലായിരുന്നു. തുടര്‍ന്ന് ടെല്ലര്‍ മെഷീന്‍ എത്തിച്ച് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം പ്രതികളെയും പണവും വാഹനവും സ്റ്റേഷനിലേക്ക് മാറ്റി.

പിടിക്കപ്പെടാതിരിക്കാന്‍ മുത്തങ്ങ, തോല്‍പ്പെട്ടി, കൂട്ടുപുഴ ചെക്ക് പോസ്റ്റുകള്‍ മാറി മാറിയാണ് ഇവര്‍ പണം കടത്താന്‍ ഉപയോഗിച്ചിരുന്നത്. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, സബ് ഇന്‍സ്‌പെക്ടര്‍ സനദ് പി പ്രദീപ്, എസ്‌ഐ രാജേഷ്, എഎസ്‌ഐ രാജേഷ്, സീനിയര്‍ സിപിഒമാരായ അനുരാജ്, ജ്യോതേഷ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്.