കണ്ണൂർ: കണ്ണൂരിലെ മലയോര ഗ്രാമമായ എടൂർ ടൗണിലെ ചുമട്ടു തൊഴിലാളികളുടെ രാഷ്ട്രീയം മറന്നുള്ള കൂട്ടായ്മയിൽ നിർധന കുടുംബത്തിനു വീട് ഒരുങ്ങുന്നു.ടൗൺ പരിസരത്ത് ഒറ്റ മുറി വാടക കെട്ടിടത്തിൽ ഡിഗ്രി പഠിക്കുന്ന മകൾ ഉൾപ്പെടെ ഒരു കുടുംബം കഴിയുന്ന ദുരിത സാഹചര്യം കണ്ട് മനസ്സലിഞ്ഞ തൊഴിലാളികളാണ് ഇവർക്ക് സ്വന്തമായി വീട് പണിതു നൽകാൻ തീരുമാനിച്ചത്.

ഇതിനകം ഒന്നര ലക്ഷം രൂപയോളം കൂട്ടാമയുടെ നേതൃത്വത്തിൽ സമാഹരിച്ചു കഴിഞ്ഞു. ഈ തുക ഉപയോഗിച്ച് വീടിന്റെ തറകെട്ട് ഉൾപ്പെടെ പൂർത്തിയാക്കി.കഴിഞ്ഞ ദിവസം കട്ടിളവെയ്‌പ്പും നടന്നു.മുന്നോട്ടുള്ള നിർമ്മാണം പൂർത്തിയാക്കാൻ 6 ലക്ഷം രൂപ കൂടി വേണ്ടി വരും എന്നാണ് കണക്കാക്കുന്നത്.ചുമട്ടു തൊഴിലാളികൾ അവധി ദിവസമായ ഞായറാഴ്ച നാട്ടിലെ സുമനസ്സുകളെ കണ്ടെത്തിയാണ് വീടുപണിക്കായുള്ള തുക കണ്ടെത്തുന്നത്.തങ്ങളുടെ മനുഷ്യാധ്വാനവും സുമനസ്സുകളിൽ നിന്നു സമാഹരിക്കുന്ന തുകയും ഉപയോഗിച്ച് വീട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

എടൂർ ടൗൺ കേന്ദ്രീകരിച്ചു ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികളായ ഫ്രാൻസിസ് കുറ്റിക്കാട്ടിൽ (ആറളം പഞ്ചായത്ത് അംഗം),ജോയി ചെറുവേലിൽ,മനോജ് കണ്ണംപ്രായിൽ,കുരിയാച്ചൻ ആനപ്പാറ,മുരിയംങ്കരിയിലെ ജോസഫ്,ഷാജി,കുട്ടിയച്ചൻ,ഫിലിപ്പ്,തോമസ്,ജോമി,ആനപ്പാറ സിജോ,ബിനോയി,മാത്യു,എം.സുധീഷ്,ഷിജൂ.ഐ.പോൾ എന്നിവരാണ് വീട് പണിതു നൽകാനുള്ള പ്രയത്‌നത്തിൽ ഏർപ്പെട്ടിരിക്കുന്നത്.ഇവരുടെ താൽപര്യം പരിഗണിച്ചു റിട്ട. എസ് ഐ പി.വി ജോസഫ് പാരിക്കാപ്പള്ളി ചെയർമാനായും പൊതുപ്രവർത്തകൻ വിപിൻ തോമസ് കൺവീനറായും റിട്ട എസ്ഐ സിറിയക് പാറയ്ക്കൽ ട്രഷറായും ഒരു കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നുമുണ്ട്.