- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തി; പ്രഥമാധ്യാപികയ്ക്ക് സസ്പെൻഷൻ
കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂൾ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഹൈസ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്നും അച്ചടക്ക നടപടി സ്വീകരിക്കാന്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയതായും സസ്പെന്‍ഷന്‍ ഉത്തരവിലുണ്ട്. പ്രധാനധ്യാപികയെ സസ്പെന്‍ഡ് ചെയ്ത സാഹചര്യത്തില്‍ സീനിയര്‍ അധ്യാപിക ജി.മോളിക്കായിരിക്കും ചുമതലയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എട്ടാം ക്ലാസുകാരൻ മിഥുന്റെ സംസ്കാരം നാളെ നടക്കും. കുവൈത്തിൽ ജോലിചെയ്യുന്ന അമ്മ നാളെ രാവിലെ 9 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. മിഥുൻ പഠിച്ച തേവലക്കര സ്കൂളിൽ പത്തുമണിയോടെ പൊതുദർശനം ആരംഭിക്കും. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കെഎസ്ഇബി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കടിച്ചാണ് മിഥുന്‍ മരിച്ചത്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രിയും വൈദ്യുതിമന്ത്രിയും നിര്‍ദേശം നല്‍കി. അപകടാവസ്ഥയെപ്പറ്റി പലതവണ കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്നും ആരോപണമുയര്‍ന്നു.