തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സൂപ്രണ്ട് ശകാരിച്ചതിന് പിന്നാലെ ഹെഡ് നഴ്സ് ബോധരഹിതയായി കുഴഞ്ഞുവീണെന്ന് പരാതി. വീണ് തലയ്ക്ക് പരിക്കേറ്റ നഴ്‌സിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ആശുപത്രിയിലെ ശസ്ത്രക്രിയ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായത്.

ഓവര്‍സിയറുടെ പരിശോധനയ്ക്കായി ശസ്ത്രക്രിയ മാറ്റിവെയ്ക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രോഗിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചെന്നും ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണം നടത്തിയെന്നും ഹെഡ് നഴ്സ് അറിയിച്ചു. മൂന്നു ശസ്ത്രക്രിയകള്‍ കഴിഞ്ഞശേഷം വൈകീട്ടോടെ ഓപ്പറേഷന്‍ തിയേറ്റര്‍ ഒഴിയുമെന്ന് ഹെഡ് നഴ്സ് പറഞ്ഞെങ്കിലും സൂപ്രണ്ട് ശകാരിച്ചു.

ഇതോടെ രക്തസമ്മര്‍ദം ഉയര്‍ന്ന് ഹെഡ് നഴ്സ് ബോധരഹിതയായി കുഴഞ്ഞുവീണെന്നാണ് പരാതി. തലയ്ക്ക് പരിക്കേറ്റ നഴ്സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.സൂപ്രണ്ട്, ഹെഡ് നഴ്സിനോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനം ചെയ്തു. തൈക്കാട് ഏരിയ സെക്രട്ടറി ജിന്‍സി, യൂണിറ്റ് സെക്രട്ടറി ബിന്ദു, ഭാരവാഹികളായ ഷീജ, ശ്രീജാ മോള്‍, വിജയകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.