തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ നിരോധനമുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതാണ് മഴയുടെ തീവ്രതയ്ക്ക് കാരണം.

ജൂലൈ 18ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 19ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് നിലവിലായിരിക്കും. അതേസമയം, ജൂലൈ 18ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും 19ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജസ്ഥാന്‍ മുകളിലുണ്ടായിരുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ജാര്‍ഖണ്ഡിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായും തീവ്ര ന്യൂനമര്‍ദ്ദം നിലവിലുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്കും വ്യാപകമായി മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. നദീതട പ്രദേശങ്ങളിലും മലനിരകളിലും കഴിയുന്നവര്‍ അധിക ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.