ഇടുക്കി: കേരള - തമിഴ്നാട് അതിര്‍ത്തി മേഖലകളിലുള്‍പ്പടെ ഹൈറേഞ്ചിലെങ്ങും കനത്ത മഴയും കാറ്റും. ഉടുമ്പന്‍ചോല താലൂക്കില്‍ വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ശമനമില്ലാതെ വെള്ളിയാഴ്ചയും തുടര്‍ന്നു. ശക്തമായ കാറ്റും മഴയുമാണ് ഇവിടെ. കല്ലാര്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലോടെ കല്ലാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

ഏറ്റവും കൂടുതല്‍ മഴ പെയ്തത് പട്ടംകോളനി മേഖലയിലാണ്. പട്ടംകോളനി മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും രാമക്കല്‍മേട് ബംഗ്ലാദേശ് കോളനിയിലും വീടുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. ഇതോടെ ജനങ്ങള്‍ ദുരിതത്തിലായി. ചെറു അരുവികളും പുഴകളും കരകവിഞ്ഞതോടെ ഗ്രാമീണ റോഡുകളും പാലങ്ങളും വെള്ളത്തിലായി. തോരാതെ പെയ്യുന്ന മഴയില്‍ റോഡിന്റെ വശങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ശബരിമല സീസണ്‍ ആയതിനാല്‍ കുമളി ടൗണ്‍ മുതല്‍ ലോവര്‍ ക്യാമ്പ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.

വന്‍ ഗതാഗത കുരുക്കാണ് ഈ പ്രദേശത്ത് നേരിടുന്നത്. അതിശക്തമായ കാറ്റാണ് മേഖലയില്‍ വീശിയത്. പല സ്ഥലങ്ങളിലും മരങ്ങള്‍ ഒടിഞ്ഞുവീണാണ് ഗതാഗതം തടസപ്പെട്ടത്. കമ്പംമെട്ട് പാറക്കടവില്‍ വന്‍മരം വീണ് വൈദ്യുതി ലൈനുകള്‍ ഉള്‍പ്പടെയുള്ളവ തകര്‍ന്നു. കമ്പംമെട്ട് - കമ്പം സംസ്ഥാന പാതയില്‍ വന്‍മരം കടപുഴകി മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

വിദ്യാര്‍ത്ഥികളുമായി പോയ കമ്പംമെട്ട് മഡോണ എല്‍പി സ്‌കൂളിന്റെ വാഹനം തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ രണ്ട് മീറ്റര്‍ മാത്രം മുമ്പിലായാണ് മരവും വൈദ്യുതി പോസ്റ്റും ഒടിഞ്ഞുവീണത്. ഡ്രൈവര്‍ പെട്ടെന്ന് വാഹനം നിര്‍ത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

ദേശീയപാത 183 ലെ കുമളി ടൗണില്‍ വെള്ളം കയറി. റോസാപൂക്കണ്ടം കനാലിലുടെയുള്ള വെള്ളത്തിന്റെ ഒഴുക്കു തടസപ്പെട്ടതും അശാസ്ത്രീയമായി നിര്‍മിച്ച ടൗണിലെ ഓടകള്‍ നിറഞ്ഞ് കവിഞ്ഞതുമാണ് റോഡിലേക്ക് വെള്ളം ഇരച്ച് കയറാന്‍ കാരണമാകുന്നത്. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തൂക്കുപാലം പാമ്പുമുക്കില്‍ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. നെടുങ്കണ്ടം മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ കാറ്റ് മൂലം ദേഹണ്ഡങ്ങളും നശിച്ചിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.