തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്ക്, വടക്കൻ ജില്ലകളിൽ കനത്തമഴ. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കനത്തമഴയിൽ ദുരിതം നേരിട്ട തിരുവനന്തപുരത്തെ വീടുകളിൽ വീണ്ടും വെള്ളം കയറി. ഗൗരീശപട്ടം മുറിഞ്ഞപാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. തിരുവനന്തപുരത്തെ മലയോര മേഖലകളിലും മഴ തുടരുകയാണ്.

കോഴിക്കോട് മുക്കത്തെ പ്രധാന റോഡുകളിൽ വെള്ളം കയറി. മലയോര മേഖലകളിലും മഴ തുടരുകയാണ്. ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് സംസ്ഥാനത്ത് വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മണ്ണും മതിലും ഇടിഞ്ഞു വീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതിൽ ആമിനയാണ് മണ്ണിനടിയിൽപ്പെട്ടത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേയ്ക്ക് മതിൽ വീഴുകയായിരുന്നു. ഫയർഫോഴ്സും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.