തിരുവനന്തപുരം: കേരളത്തിൽ ഇന്നുകൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശക്തി കുറയുമെങ്കിലും ഒക്ടോബർ ആറുവരെ മഴയ്ക്ക് സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദങ്ങളാണ് കാലവർഷത്തെ സജീവമാക്കിയത്. ശനിയാഴ്ച എറണാകുളം സൗത്തിൽ 13 സെന്റീമീറ്ററും ഹോസ്ദുർഗിൽ 11 സെന്റീമീറ്ററും കൊയിലാണ്ടിയിലും പള്ളുരുത്തിയിലും 10 സെന്റീമീറ്റർ വീതവും മഴപെയ്തു.

കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ പെയ്‌തെങ്കിലും  തുലാവർഷം കനിഞ്ഞില്ലെങ്കിൽ കേരളം വരൾച്ചയുടെ പിടിയിലാവും. തുലാവർഷത്തിൽ മെച്ചപ്പെട്ട തോതിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.