തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് ഈ ദിവസങ്ങളിൽ ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് രാവിലെയാണ് തീവ്രമായത്. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്രന്യൂനമർദ്ദം ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ഇതിന്റെ സ്വാധീനഫലമായി ആന്ധ്രാ, തമിഴ്‌നാട് തീരങ്ങളിൽ ഇടിമിന്നലോട് കൂടിയ തീവ്രമഴയാണ് പ്രവചിക്കുന്നത്.

തമിഴ്‌നാടിന്റെ വടക്കൻ തീരങ്ങളിൽ നിന്ന് അകലെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഇന്ന് വൈകീട്ടോടെ മാൻഡോസ് ചുഴലിക്കാറ്റ് എത്തുമെന്നാണ് കണക്കുകൂട്ടൽ. വ്യാഴാഴ്ച രാവിലെയോടെ ആന്ധ്രാ തീരത്തും എത്തിയേക്കും. ഇതിന്റെ സ്വാധീനഫലമായി വരുംദിവസങ്ങളിൽ തമിഴ്‌നാടിന്റെ വടക്കൻ തീരങ്ങളിലും ആന്ധ്രയുടെ തെക്കൻ തീരങ്ങളിലും കനത്തമഴയാണ് പ്രവചിക്കുന്നത്.