പത്തനംതിട്ട: കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പത്തനംതിട്ട ജില്ലയിൽ കനത്ത മഴയെത്തുടർന്ന് മൂഴിയാർ അണക്കെട്ട് വീണ്ടും തുറന്നു. അണക്കെട്ടിന്റെ ഒരു ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയത്. മറ്റ് രണ്ട് ഷട്ടറുകൾ ഉയർത്തിയിട്ടില്ല. നേരത്തെ, ജില്ലയുടെ കിഴക്കൻ വനമേഖലയിൽ കനത്ത മഴയുണ്ടായതായി അധികൃതർ അറിയിച്ചിരുന്നു. ജില്ലയിലെ ഗുരുനാഥന്മണ്ണ്, മുണ്ടൻപാറ മേഖലയിൽ അതിശക്തമായ മഴയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയമുണ്ട്. കക്കാട്ടാർ കരകവിഞ്ഞു. മണിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. സീതക്കുഴിമുണ്ടൻപാറ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ പറഞ്ഞു.

സന്ധ്യയ്ക്ക് മുണ്ടൻപാറ തോട്ടിലൂടെ അതിശക്തമായ മലവെള്ളപ്പാച്ചിൽ ആയിരുന്നു. തോട്ടിലെ വെള്ളം കണ്ടതോടെയാണ് വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ഉയർന്നത്. സന്ധ്യ മയങ്ങിയതിനാൽ വെള്ളം എവിടെ നിന്നാണ് എത്തിയതെന്നു വ്യക്തമല്ല. സീതക്കുഴി പുള്ളോലിപടിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം മുടങ്ങി. വാഹനങ്ങൾ തോടിന്റെ അക്കരവഴിയുള്ള റോഡിലൂടെ തിരിച്ചുവിട്ടു. റോഡിന്റെ വിവിധ ഭാഗങ്ങളിലും മണ്ണിടിഞ്ഞിട്ടുണ്ട്. മേഖലയിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ടോടെ ആരംഭിച്ച മഴ ശനിയാഴ്ച ശമിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ വീണ്ടും ശക്തമാവുകയായിരുന്നു.