തിരുവനന്തപുരം: തമിഴ്‌നാടിനു മുകളിൽ കേരളത്തിന് സമീപമായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. നവംബർ 22 -24 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇന്ന് (നവംബർ 22 ) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത

നവംബർ 25 ഓടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാത ചുഴി നവംബർ 26 ഓടെ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്ന് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 27 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.

ശക്തമായ മഴ: ജില്ലയിൽ ഇന്നും (നവംബർ 22) നാളെയും മഞ്ഞ അലർട്ട്

തിരുവനന്തപുരം ജില്ലയിൽ ഇന്നും (നവംബർ 22) നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ മഞ്ഞ അലർട്ടായിരിക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (നവംബർ- 22) ഉച്ചതിരിഞ്ഞ് 3:00 ന് ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ 10 cm വീതം (40 Cm) (ആകെ 110 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.