തിരുവനന്തപുരം: പതിനാറുകാരനായ വിദ്യാർത്ഥിയെ ഹെൽമെറ്റ് കൊണ്ട് ഇടിച്ച് മൂക്കിന്റെ പാലം തകർത്ത് മൂക്കെല്ല് പൊട്ടിച്ച കേസിൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ഒന്നാം പ്രതിക്ക് ജാമ്യം നിരസിച്ചത്. തൃക്കണ്ണാപുരം സ്വദേശി ആരോമലിനാണ് ജാമ്യം നിഷേധിച്ചത്.

പ്രതിക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ ഗുരുതരവും ഗൗരവമേറിയതുമാണ്. കേസ് റെക്കോഡുകൾ പരിശോധിച്ചതിൽ പ്രതിയുടെ ഉൾപ്പെൽ പ്രഥമദൃഷ്ട്യാ കാണുന്നുണ്ട്. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. ഈ ഘട്ടത്തിൽ പ്രതിയെ സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും പ്രോസിക്യൂഷൻ ഭയന്ന് ഒളിവിൽ പോകാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവവും കാഠിന്യവും കണക്കിലെടുക്കുമ്പോൾ പ്രതിയെ ജാമ്യത്തിൽ വിട്ടയക്കാനാവില്ലെന്നും ജാമ്യഹർജി തള്ളിയ ഉത്തരവിൽ ജഡ്ജി പി.വി.ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.

തിരുമല തൃക്കണ്ണാപുരം കൂവക്കര സ്വദേശി വിനോദ് മകൻ ആരോമൽ .വി. എസ് (20) , ആനയറ ഒരു വാതിൽ കോട്ട നിന്നും തൃക്കണ്ണാപുരം ടാഗോർ റോഡിന് സമീപം താമസം വാസന്തൻ മകൻ വാസു എന്ന വിവേക് വാസന്തൻ (22) എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. സെപ്റ്റംബർ 13ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾ 14 മുതൽ റിമാന്റിലാണ്.രണ്ടാം പ്രതി മറ്റു ക്രിമിനൽ കേസുകളിലും പ്രതിയായ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പൂജപ്പുര പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

2023 സെപ്റ്റംബർ 12 വൈകിട്ട് 4.45 മണിക്ക് തിരുമല സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ഇടറോഡിലാണ് സംഭവം നടന്നത്. പ്രതികൾ സഞ്ചരിച്ചു വന്ന മോട്ടോർ സൈക്കിളിന് അത് വഴി നടന്നു വരികയായിരുന്ന 16 കാരനും മറ്റുള്ളവരും മന:പ്പൂർവ്വം വഴിമാറികൊടുക്കാത്തതാണെന്ന് തെറ്റിദ്ധരിച്ച് പബ്ലിക് റോഡിൽ നിന്നും മാറി പോകാൻ വിദ്യാർത്ഥിയെയും മറ്റുള്ളവരെയും അസഭ്യ വാക്കുകൾ വിളിച്ചു. തൽസമയം തങ്ങളെയാണോ അസഭ്യം വിളിക്കുന്നതെന്ന് 16 കാരൻ ചോദിച്ച സമയം പ്രതികൾ മോട്ടോർ സൈക്കിൾ നിർത്തി ഇറങ്ങി വന്ന് രണ്ടാം പ്രതി വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി മതിലിലേക്ക് പിടിച്ചു തള്ളി.

മാരകായുധത്തിന് സദൃശമായ ഹെൽമെറ്റ് കൊണ്ട് ഇടിച്ചാൽ മാരക പരിക്ക് ഉണ്ടാകുമെന്നറിയാവുന്ന ഒന്നാം പ്രതി കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് വിദ്യാർത്ഥിയുടെ വലത്തേ കൺപുരികത്തിന് മുകളിൽ ഇടിച്ച് പരിക്കേൽപ്പിക്കുകയും വീണ്ടും പ്രതി ഹെൽമെറ്റ് കൊണ്ട് മൂക്കെല്ലിൽ ഇടിച്ച് മൂക്കെല്ല് പൊട്ടലും പരിക്കും ഉണ്ടാക്കി കഠിന ദേഹോപദ്രവും നരഹത്യാശ്രമ കുറ്റങ്ങളും ചെയ്തുവെന്നാണ് കേസ്. സെപ്റ്റംബർ 13 ന് പൂജപ്പുര പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.