കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായി കൊണ്ട് വന്ന ഹെറോയിനുമായി രണ്ട് പേർ പിടിയിൽ. അസാം സ്വദേശികളായ നൂർ അമീൻ (29), ഹിബ്ജുൻ നഹർ (25) എന്നിവരാണ് പിടിയിലായത്. പോഞ്ഞാശ്ശേരി പട്ടിപ്പാറയിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവരുടെ ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയിട്ടാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. 30 ലക്ഷം രൂപ വില വരുന്ന ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.

എ എസ് പി ഹർഥിക്ക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനുള്ളിൽ 14 ബോക്സുകളിൽ ആയാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. 150 ഗ്രാം ഹെറോയിൻ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ പ്രതികൾ അവിടെ നിന്ന് ഓട്ടോറിക്ഷയിൽ പോഞ്ഞാശേരി ഭാഗത്ത് എത്തുകയായിരുന്നു. ഈ സമയത്താണ് പ്രതികൾ പോലീസിന്റെ വലയിലായത്.