കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ടിന് അനുമതി നല്‍കി ഹൈകോടതി. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയത്. കൃത്യമായ ദൂര പരിധി പാലിക്കണം, പൊലീസും അഗ്‌നിരക്ഷാസേനയും സുരക്ഷ ഉറപ്പാക്കണം, ബാരിക്കേഡ് ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കണം, വെടിക്കെട്ട് സാമഗ്രികള്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ദൂരെ മാത്രമേ സൂക്ഷിക്കാന്‍ പാടുള്ളൂ തുടങ്ങിയ നിബന്ധനകളാണ് കോടത മുന്നോട്ടു വെച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ അളവില്‍ മാത്രമേ വെടിക്കെട്ട് നടത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

നേരത്തെ ജില്ലാ ഭരണകൂടം എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെയാണ് ക്ഷേത്ര ഭാരവാഹികള്‍ ഹൈകോടതിയെ സമീപിച്ചത്. സുരക്ഷിതമായി വെടിക്കെട്ട് നടത്താനുള്ള മാനദണ്ഡങ്ങള്‍ ക്ഷേത്രത്തിന് പാലിക്കാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കലക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചിരുന്നത്.

പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷേത്രം ഭാരവാഹികള്‍ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകള്‍ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചിരുന്നത്. സിറ്റി പൊലീസ് കമീഷണര്‍, ജില്ലാ ഫയര്‍ ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. വലിയ വിളക്ക് ദിവസമായ എട്ടിനും ആറാട്ടു ദിവസമായ പത്തിനും വെടിക്കെട്ട് നടത്താനാണ് ക്ഷേത്ര ഭാരവാഹികള്‍ അനുമതി തേടിയത്.