കോഴിക്കോട്: കേരളത്തിൽ ആദ്യമായി ഷോപ്പിംഗ് മാളിൽ ബിവറേജസ് കോർപ്പറേഷന്റെ (ബെവ്‌കോ) ഔട്ട്‌ലെറ്റ് പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് മാവൂർ റോഡിലെ ഗോകുലം ഗലേറിയ മാളിലാണ് ബെവ്‌കോയുടെ ആദ്യ ഔട്ട്‌ലെറ്റ് തുടങ്ങിയത്. ബെവ്‌കോ എം.ഡി. ഹർഷിത അട്ടല്ലൂരി പുതിയ ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. 'ഹൈ സ്പിരിറ്റ് ബെവ്‌കോ ബോട്ടിക്' എന്നാണ് ഈ ഔട്ട്‌ലെറ്റിന് നൽകിയിരിക്കുന്ന പേര്.

സംസ്ഥാനത്ത് ഒരു മാളിനുള്ളിൽ മദ്യവിൽപ്പനശാല തുടങ്ങുന്നത് ഇത് ആദ്യമായാണ്. ബെവ്കോയുടെ രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് കൂടിയാണിത്. ബെവ്കോ ഔട്ട്ലെറ്റുകളിൽ സാധാരണ ലഭിക്കുന്ന പ്രീമിയം ഇനം മദ്യങ്ങൾക്ക് പുറമെ, വിവിധ ബ്രാൻഡുകളിലുള്ള വിദേശ മദ്യങ്ങളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളും ഇവിടെ നിന്ന് വാങ്ങാനാകും. ഗോഡൗൺ ഉൾപ്പെടെ 2,400 ചതുരശ്രയടി വിസ്തൃതിയിലാണ് ഈ ഔട്ട്ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

പ്രവേശനം 21 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യം മാത്രമേ വാങ്ങാൻ അനുവാദമുള്ളൂ. വിദേശ മദ്യങ്ങളുടെ കാര്യത്തിൽ ഈ പരിധി രണ്ടര ലിറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് 'ഹൈ സ്പിരിറ്റ് ബെവ്കോ ബോട്ടിക്ക്' പ്രവർത്തിക്കുക. സംസ്ഥാനത്ത് കൂടുതൽ പ്രീമിയം ഔട്ട്ലെറ്റുകൾ തുറക്കാൻ പദ്ധതിയുണ്ടെന്ന് ബെവ്കോ എം.ഡി. ഹർഷിത അട്ടല്ലൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂരിൽ മാൾ മാതൃകയിൽ ഒരു പ്രീമിയം കൗണ്ടർ ആരംഭിക്കാനും കോർപ്പറേഷൻ ലക്ഷ്യമിടുന്നുണ്ട്.