കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം ഭർത്താവ് തലാഖ് ചൊല്ലിയാൽ അത് രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിനായി മുസ്ലിംസ്ത്രീ കോടതി കയറിയിറങ്ങേണ്ടതില്ലെന്ന് ഹൈക്കോടതി. മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹംകഴിക്കുന്നവർ 2008-ലെ വിവാഹ രജിസ്‌ട്രേഷൻ ചട്ടപ്രകാരം വിവാഹം രജിസ്റ്റർചെയ്യണം. പിന്നീട് വ്യക്തി നിയമപ്രകാരം വിവാഹമോചനം നേടിയാൽ പുരുഷന്മാർക്ക് പുനർവിവാഹം ചെയ്യാം. വിദേശത്ത് വെച്ച് തലാഖ് ചൊല്ലിയ മുസ്ലിം യുവതിയുടെ പുനർവിവാഹത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഹൈക്കോടതി ഇത്തരമൊരു ഉത്തരവിട്ടത്.

സ്ത്രീകളുടെ പുനർവിവാഹത്തിന് രജിസ്റ്ററിൽ വിവാഹമോചിതയാണെന്ന് രേഖപ്പെടുത്തണം. ഇതിനായി ചട്ടമില്ലാത്തതിനാൽ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. തുടർന്നാണ് വിവാഹ രജിസ്റ്ററിൽ മാറ്റംവരുത്തുന്നതിനായി മുസ്ലിം സ്ത്രീകൾക്ക് കോടതി കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.

ഹർജിക്കാരി വിവാഹം 2012 ഡിസംബർ 30-നായിരുന്നു. ചട്ടപ്രകാരം രജിസ്റ്റർചെയ്തു. 2014 ഒക്ടോബർ 30-ന് ഭർത്താവ് വിദേശത്തുവെച്ച് തലാഖ് ചൊല്ലി. ഇക്കാര്യം മഹല്ല് കമ്മിറ്റിയെ അറിയിക്കുകയും കമ്മിറ്റി വിവാഹമോചന സർട്ടിഫിക്കറ്റ് നൽകുകയുംചെയ്തു. രജിസ്റ്ററിൽ മാറ്റംവരുത്താനായി ഹർജിക്കാരി അപേക്ഷ നൽകിയെങ്കിലും ചട്ടമില്ലെന്ന കാരണത്താൽ നിഷേധിച്ചു.

ഹർജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് തലാഖ് ചൊല്ലിയ ഭർത്താവിനും നോട്ടീസ് നൽകി ഒരുമാസത്തിനുള്ളിൽ രജിസ്റ്ററിൽ മാറ്റംവരുത്താൻ കോടതി നിർദേശിച്ചു. മാര്യേജ് ഓഫീസർക്ക് വിവാഹമോചിതയാണെന്ന വിവരം രജിസ്റ്ററിൽ രേഖപ്പെടുത്താനാകുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ല.