- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിഫോം ധരിക്കാന്‍ നിര്‍ബന്ധിച്ചു; പ്രഥമാധ്യാപികയ്ക്ക് എതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി
യൂണിഫോം ധരിക്കാന്‍ നിര്‍ബന്ധിച്ചു; പ്രഥമാധ്യാപികയ്ക്ക് എതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: വിദ്യാര്‍ഥിനിയെ യൂണിഫോം ധരിക്കാന്‍ നിര്‍ബന്ധിച്ചതിന്റെ പേരില്‍ പ്രധാനാധ്യാപികയ്‌ക്കെതിരേയെടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഉത്തരവ്. സാധാരണ വസ്ത്രം ധരിച്ചെത്തിയ കുട്ടിയെ യൂണിഫോം ധരിച്ചെത്താന്‍ പ്രഥമാധ്യാപിക നിര്‍ബന്ധിക്കുക ആയിരുന്നു. തൃശ്ശൂര്‍ അകമല ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് പ്രഥമാധ്യാപികയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2020 മാര്‍ച്ച് രണ്ടിന് പരീക്ഷയുടെ മാര്‍ക്കറിയാനും പുതിയ പുസ്തകങ്ങള്‍ വാങ്ങാനുമായാണ് യൂണിഫോം ധരിക്കാതെ കുട്ടി എത്തിയത്. വരാന്തയിലുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ കുട്ടിയെ അടുത്തേക്ക് വിളിച്ച് യൂണിഫോം ധരിച്ച് വരാന്‍ പറഞ്ഞ് തിരിച്ചയച്ചെന്നും ശരീരപ്രകൃതം പരാമര്‍ശിക്കുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അവധിക്കാലമായതിനാല്‍ യൂണിഫോം നിര്‍ബന്ധമല്ലായിരുന്നെന്നാണ് കുട്ടിയുടെ മൊഴി. എന്നാല്‍, അക്കാദമിക വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ യൂണിഫോം വേണ്ടിയിരുന്നെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ കുട്ടിയുടെ അമ്മ അതേ സ്‌കൂളില്‍ അധ്യാപികയാണ്. പരീക്ഷാ ഡ്യൂട്ടിയില്‍ ശ്രദ്ധക്കുറവുണ്ടായതിന് അവര്‍ക്ക് മെമ്മോ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മകള്‍ മുഖേന ഇത്തരമൊരു പരാതി തനിക്കെതിരേ നല്‍കിയതെന്നും ഹര്‍ജിക്കാരി വാദിച്ചു. കുട്ടിയുടെ മൊഴി പരിശോധിച്ച കോടതി ബാലനീതി നിയമത്തിന്റെ ലംഘനമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. ദേഹോപദ്രവം, അധിക്ഷേപം, അവഗണന തുടങ്ങിയവയൊന്നും പ്രഥമദൃഷ്ട്യാ കാണുന്നില്ല. അധ്യാപികയുടെ നിര്‍ദേശം സ്‌കൂളിന്റെ അച്ചടക്കം മാനിച്ചാണ്. അത് അനുസരിക്കേണ്ടത് വിദ്യാര്‍ഥികളുടെ കടമയാണെന്നും ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പോലീസിന്റെ അന്തിമ റിപ്പോര്‍ട്ടും കോടതിയിലെ തുടര്‍ നടപടികളും റദ്ദാക്കി ഉത്തരവിട്ടത്.